രാജഭരണം പുനഃസ്ഥാപിക്കണം ; നേപ്പാളിൽ ആഭ്യന്തര കലാപം, രണ്ടുപേർ കൊല്ലപ്പെട്ടു , മൂന്നിടത്ത് കർഫ്യു
കാഠ്മണ്ഡു : നേപ്പാളിൽ രാജഭരണം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് തലസ്ഥാനമായ കാഠ്മണ്ഡുവിൽ സുരക്ഷാ സേനയും രാജഭരണത്തെ അനുകൂലിക്കുന്നവരും തമ്മിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ രണ്ടുപേർ കൊല്ലപ്പെട്ടു, 45 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധക്കാർ നിരവധി വീടുകളും കെട്ടിടങ്ങളും വാഹനങ്ങളും അഗ്നിക്കിരയാക്കി. അക്രമികൾക്ക് നേരെ പൊലീസ് നിരവധി തവണ കണ്ണീർവാതകവും റബർ ബുള്ളറ്റുകളും പ്രയോഗിച്ചു. മൂന്നു സ്ഥലങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. അക്രമത്തിൽ 12 പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.
നേപ്പാളിന്റെ ദേശീയ പതാക വീശിയും മുൻ രാജാവ് ഗ്യാനേന്ദ്ര ഷായുടെ ചിത്രങ്ങൾ പിടിച്ചുമാണ് രാജവാഴ്ചയെ അനുകൂലിക്കുന്ന ആയിരക്കണക്കിന് പേർ ഒത്തുകൂടിയത്. രാജ്യത്തെ രക്ഷിക്കാൻ രാജാവ് വരട്ടെ, അഴിമതി സർക്കാർ തുലയട്ടെ, ഞങ്ങൾക്ക് രാജവാഴ്ച തിരികെ വേണം തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് ഇവർ പ്രതിഷേധിച്ചത്. രാജവാഴ്ചയെ അനുകൂലിക്കുന്ന രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടിയും മറ്റു ഗ്രൂപ്പുകളും പ്രതിഷേധത്തിൽ പങ്കെടുത്തായി റിപ്പോർട്ടുണ്ട്. സംഘർഷത്തിനിടെ പ്രതിഷേധക്കാർ വ്യാപാര സമുച്ചയം, ഷോപ്പിംഗ് മാൾ തുടങ്ങിയവയ്ക്കും തീയിട്ടു.