ലൈംഗിക ആവശ്യങ്ങളോട് വഴങ്ങിയില്ല,​ സിനിമയിൽ അവസരങ്ങൾ കുറഞ്ഞെന്ന് തുറന്ന് പറഞ്ഞ് നടി

Monday 02 September 2019 9:10 PM IST

നിർമ്മാതാക്കളുടെ ലൈംഗിക ആവശ്യങ്ങളോട് വിസമ്മതം പ്രകടിപ്പിച്ചതിനാൽ തനിക്ക് ലഭിക്കേണ്ട അവസരങ്ങൾ കുറഞ്ഞെന്ന് തുറന്ന് പറഞ്ഞ് ഹോളിവുഡ് താരം താൻഡി ന്യൂട്ടൻ. എന്നാൽ ആ തീരുമാനത്തിൽ തനിക്ക് നഷ്ടബോധമില്ലെന്നും താരം വ്യക്തമാക്കി.

അടുത്തിടെയാണ് തന്റെ കരിയറിനെ ഇത് ബാധിച്ചിട്ടുണ്ടെന്ന് താൻ തിരിച്ചറിഞ്ഞതെന്നും അവർ പറഞ്ഞു. നിരവധി പേരിൽ നിന്ന് ഇക്കാര്യം ഞാൻ അറിഞ്ഞു. കാരണം ആരും അവസരം കൊടുത്തില്ലെങ്കിലും അവർ തളരില്ല. അഭിനേതാവ് എന്ന നിലയിൽ ചിത്രത്തിൽ അഭിനയിക്കുക മാത്രമല്ല മറ്റ് പല കാര്യങ്ങൾക്ക് കൂടി നമ്മൾ നിന്നുകൊടുക്കണം എന്നാണ് താൻഡീ പറയുന്നത്.

എനിക്ക് അത് പറ്റില്ലെന്ന് താൻ നേരത്തെ പറഞ്ഞിട്ടുള്ളതിനാൽ തന്റെ അവസരങ്ങൾ കുറഞ്ഞു എന്നും അവർ വ്യക്തമാക്കി. ഹോളിവുഡിലെ ലൈംഗിക ചൂഷണങ്ങൾക്കെതിരേ ഉയർന്ന മീടൂ മൂവ്‌മെന്റിന് ശക്തമായ സപ്പോർട്ടറാണ് താൻഡീ.

മിഷൻ; ഇംപോസിബിൾ 2, ക്രാഷ്, ദി പർസ്യൂട്ട് ഓഫ് ഹാപ്പിനസ് എന്നീ ചിത്രങ്ങളിൽ താൻഡീ അഭിനയിച്ചിട്ടുണ്ട്. അമേരിക്കൻ ടെലിവിഷൻ സീരീസായ വെസ്റ്റ് വേൾഡ് സീസൺ 2 ലാണ് അടുത്തിടെ അഭിനയിച്ചത്. ആദ്യ സീസണിലെ താരത്തിന്റെ പ്രകടനം മികച്ച അഭിപ്രായം നേടിയിരുന്നു. എമ്മി അവാർഡിൽ മികച്ച സഹനടിയ്ക്കുള്ള അവാർഡും സ്വന്തമാക്കിയിരുന്നു.