കിണറ്റിൽ വീണയാളെ രക്ഷപ്പെടുത്തി

Saturday 29 March 2025 1:50 AM IST
കിണറ്റിൽ വീണ നൂർ

കോട്ടയം: കിണറ്റിൽ വീണ തമിഴ്‌നാട് സ്വദേശി നൂർ മുഹമ്മദിനെ (30) രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരം 5.15 ഓടെ മെഡിക്കൽ കോളേജ് സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിലാണ് സംഭവം. ലോഡ്ജിന് സമീപത്തെ കിണറ്റിൽ കാൽതെറ്റി വീഴുകയായിരുന്നു ഇയാൾ. വിവരമറിഞ്ഞ് കോട്ടയം അഗ്നിശമനസേനാംഗങ്ങൾ സ്ഥലത്തെത്തി. 35 അടിയോളം ആഴവും 10 അടിയോളം വെള്ളവുമുണ്ടായിരുന്ന കിണറായിരുന്നു. കിണറ്റിൽ വീണ ഇയാൾ കയറിൽ പിടിച്ചു കിടക്കുകയായിരുന്നു. ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ അബ്ബാസി കിണറ്റിലിറങ്ങിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ജിതേഷ് ബാബുവിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ സജു, കിഷോർ, അനീഷ് ശങ്കർ, വുമൺ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഗീതുമോൾ, അഷ്‌ന എന്നിവർ ചേർന്നാണ് രക്ഷപ്രവർത്തനം നടത്തിയത്.