ആറുപേർ ലൈംഗികമായി ദുരുപയോഗിച്ചു കുട്ടിക്കാലത്തെ ദുരനുഭവം പറഞ്ഞ് വരലക്ഷ്മി ശരത്കുമാർ

Saturday 29 March 2025 1:51 AM IST

ചെന്നൈ: കുട്ടിക്കാലത്ത് നേരിട്ട ലൈംഗിക ചൂഷണത്തെക്കുറിച്ച് തുറന്നുപറഞ്ഞ് തെന്നിന്ത്യൻ നടി വരലക്ഷ്മി ശരത്കുമാർ. തമിഴ് സ്വകാര്യചാനലിലെ റിയാലിറ്റി ഷോയിലാണ് വരലക്ഷ്മി ദുരനുഭവത്തെക്കുറിച്ച് പറഞ്ഞത്. താരം വിധികർത്താവായ റിയാലിറ്റി ഷോയിൽ ഒരു മത്സരാർത്ഥി കുടുംബത്തിൽനിന്നുണ്ടായ മോശം അനുഭവങ്ങൾ പറഞ്ഞു. തുടർന്നാണ്, തന്റെ കൂടി കഥയാണെന്ന് പറഞ്ഞ് വരലക്ഷ്മി വെളിപ്പെടുത്തൽ നടത്തിയത്. മത്സരാർത്ഥിയെ കെട്ടിപ്പിടിച്ച് പിന്തുണ നൽകുകയും ചെയ്തു. അനുഭവം പറഞ്ഞ് വരലക്ഷ്മി വിതുമ്പുകയും ചെയ്തിരുന്നു. 'എന്റെ കുട്ടിക്കാലത്ത് അമ്മയും അച്ഛനും ജോലിക്കുപോവുമ്പോൾ എന്നെ പരിചരിക്കാൻ മറ്റാളുകളുടെ അടുത്ത് ഏൽപ്പിക്കുമായിരുന്നു. കുട്ടിക്കാലത്ത് അഞ്ചോ ആറോ പേർ എന്നെ ഉപദ്രവിച്ചിട്ടുണ്ട്. എനിക്ക് കുട്ടികളില്ല. പക്ഷേ, കുട്ടികളെ ഗുഡ് ടെച്ചിനെക്കുറിച്ചും ബാഡ് ടെച്ചിനെക്കുറിച്ചും പഠിപ്പിക്കണമെന്ന് ഞാൻ മാതാപിതാക്കളോട് ആവശ്യപ്പെടുകയാണ്', - വരലക്ഷ്മി പറഞ്ഞു.

തന്റെ സേവ് ശക്തി ഫൗണ്ടേഷൻ വഴി അതിജീവിതമാർക്ക് പിന്തുണ നൽകുന്നതിനെക്കുറിച്ചും അവർ പറഞ്ഞു. നടൻ ശരത്കുമാറിന്റേയും ആദ്യഭാര്യ ഛായാദേവിയുടേയും മകളാണ് വരലക്ഷ്മി ശരത്കുമാർ. 2012ൽ തമിഴ് ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി കസബ, കാറ്റ്, മാസ്റ്റർപീസ് എന്നീ മലയാളിൽ സിനിമകളിൽ അഭിനയിച്ചു.