വധശിക്ഷ നടപ്പിലാക്കാൻ ജയിൽ അധികൃതർക്ക് അറിയിപ്പ് കിട്ടി; നിമിഷ പ്രിയയുടെ ശബ്ദസന്ദേശം പുറത്ത്

Saturday 29 March 2025 2:23 PM IST

ടെഹ്‌റാൻ: വധശിക്ഷ നടപ്പിലാക്കാൻ ജയിൽ അധികൃതർക്ക് അറിയിപ്പ് കിട്ടിയതായി അറിയിച്ചെന്ന് യെമനിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ സന്ദേശം. ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോൺവിളി എത്തിയെന്നാണ് നിമിഷ പ്രിയ സന്ദേശത്തിൽ പറയുന്നത്. ആക്ഷൻ കൗൺസിൽ കൺവീനർ ജയൻ ഇടപ്പാളിനാണ് ഓഡിയോ സന്ദേശം ലഭിച്ചത്. എന്നാൽ ഇത് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയോ ഇന്ത്യൻ എംബസി അധികൃതരുടെയോ ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.

നേരത്തെ നിമിഷ പ്രിയയുടെ മോചനത്തിൽ ഇടപെട്ട് ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാൻ ചർച്ച നടത്തിയതായി വിവരം പുറത്തുവന്നിരുന്നു. എന്നാൽ ഈ ചർച്ച ഫലം കണ്ടില്ലെന്ന് വേണം കരുതാൻ. നിമിഷ പ്രിയ പ്രതിയായ കുറ്റകൃത്യം നടന്നത് ഹൂതി നിയന്ത്രണത്തിലുള്ള വടക്കൻ യെമനിലാണ്. ഇറാനിലെ ഉദ്യോഗസ്ഥർ ഹൂതികളുടെ സഹായത്തോടെ കൊല്ലപ്പെട്ട തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായി ചർച്ച നടത്താനാൻ ശ്രമിച്ചിരുന്നു.

2017ൽ യെമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ നിമിഷ പ്രിയയ്ക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ഏക മാർഗം തലാലിന്റെ കുടുംബത്തിന് ദയാധനം നൽകുകയായിരുന്നു. തലാലിന്റെ കുടുംബത്തെ നേരിൽ കണ്ട് മാപ്പപേക്ഷിക്കുന്നതിന് വേണ്ടി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനിൽ പോയിരുന്നു. തലാലിന്റെ കുടുംബവുമായും ഗോത്രത്തിന്റെ തലവന്മാരുമായും ചർച്ചകൾ നടത്തി. എന്നാൽ ഈ ചർച്ചകൾ വഴിമുട്ടി.

തൊടുപുഴ സ്വദേശി ടോമി തോമസിന്റെ ഭാര്യയാണ് നിമിഷ പ്രിയ. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ അബ്ദു മഹ്ദി പാസ്‌പോർട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷ പ്രിയയുടെ വാദം.