ഈദിന് ശേഷം ഏതുനിമിഷവും വധശിക്ഷ നടപ്പിലാക്കാൻ സാദ്ധ്യത; അടുത്തയാഴ്ച വളരെ നിർണായകമെന്ന് സാമുവൽ

Saturday 29 March 2025 4:14 PM IST

ന്യൂഡൽഹി: നിമിഷപ്രിയയുടേതെന്ന പേരിൽ പുറത്തുവന്ന ശബ്ദസന്ദേശത്തിൽ പ്രതികരണവുമായി നിമിഷപ്രിയ ആക്ഷൻ കൗൺസിൽ മെമ്പർ സാമുവൽ. വധശിക്ഷ നടപ്പാക്കാൻ ജയിൽ അധികൃതർക്ക് അറിയിപ്പ് ലഭിച്ചെന്നാണ് ശബ്ദ സന്ദേശത്തിൽ പറയുന്നത്.

എന്നാൽ യെമനിൽ ഇപ്പോൾ കോടതികൾ അവധിയാണെന്നും നിമിഷപ്രിയയുടെ സന്ദേശം ശരിയാണോയെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നും സാമുവൽ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. വിഷയത്തിൽ അഭിഭാഷകനോട് സംസാരിച്ചു. എന്നാൽ വ്യക്തത കിട്ടിയില്ല. ഈദിന് ശേഷം ഏത് നിമിഷവും വധശിക്ഷ നടപ്പിലാക്കാൻ സാദ്ധ്യതയുണ്ടെന്നും അടുത്തയാഴ്ച വളരെ നിർണായകമാണെന്നും അദ്ദേഹം പ്രതികരിച്ചു. നിലവിൽ നിമിഷപ്രിയയുടെ അമ്മ യെമനിൽ സാമുവലിന്റെ വീട്ടിലാണ് കഴിയുന്നത്.

'അരമണിക്കൂർ മുമ്പ് ഒരു കോൾ വന്നു. അഡ്വക്കേറ്റായ ഒരു സ്ത്രീ എന്നോട് സംസാരിക്കണമെന്ന് പറഞ്ഞു. ചർച്ചയുടെ കാര്യങ്ങൾ എന്തായെന്ന് അവർ ചോദിച്ചു. ഒന്നുമായില്ലെന്നും കാര്യങ്ങൾ നടക്കുന്നുണ്ടെന്നും പറഞ്ഞു. വധശിക്ഷയുടെ ഓർഡർ ജയിൽ വരെ എത്തിയിട്ടുണ്ടെന്നും ഈദ് അവധിയൊക്കെ കഴിയുമ്പോഴേക്ക് എന്താകുമെന്ന് അറിയില്ലെന്നും അവർ പറഞ്ഞു. ഇവിടെ എല്ലാവരും വിഷമത്തോടെയാണ് പെരുമാറുന്നത്.'- എന്നാണ് ശബ്ദ സന്ദേശത്തിൽ പറയുന്നത്.

2017ൽ യെമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ നിമിഷപ്രിയയ്ക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ഏക മാർഗം തലാലിന്റെ കുടുംബത്തിന് ദയാധനം നൽകുകയായിരുന്നു. തലാലിന്റെ കുടുംബത്തെ നേരിൽ കണ്ട് മാപ്പപേക്ഷിക്കുന്നതിന് വേണ്ടിയാണ് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനിൽ എത്തിയത്. തലാലിന്റെ കുടുംബവുമായും ഗോത്രത്തിന്റെ തലവന്മാരുമായും ചർച്ചകൾ നടത്തി. എന്നാൽ ഈ ചർച്ചകൾ വഴിമുട്ടി.