ആവിഷ്‌കാര സ്വാതന്ത്ര്യ‌വും ജനാധിപത്യവും

Sunday 30 March 2025 4:46 AM IST

ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സൗന്ദര്യങ്ങളിലൊന്ന് വിമർശനത്തിനുള്ള പൗരസ്വാതന്ത്ര്യ‌മാണ്. നമ്മുടെ അയൽ രാജ്യമായ ചൈനയിൽ അങ്ങനെ വിമർശന സ്വാതന്ത്ര്യ‌ം പ്രകടിപ്പിക്കുന്നവർ ഒരുപക്ഷേ ആയുഷ്‌കാലം ജയിലിൽ കിടക്കേണ്ടിവരും. ഇന്ത്യ ഒരു വൻകിട വികസിത ശക്തിയായി മാറുമെന്ന് പറയുന്നതിന്റെ അടിസ്ഥാനവും വിമർശിക്കാനുള്ള സ്വാതന്ത്ര്യ‌ത്തിൽ അധിഷ്ഠാനമാണ്. അതേസമയം അഭിപ്രായസ്വാതന്ത്ര്യ‌ം എന്നു പറയുന്നത് മ്ളേച്ഛമായ രീതിയിൽ ആരെയും ചിത്രീകരിക്കാനുള്ള ലൈസൻസായി മാറാനും പാടില്ല. മതസ്വാതന്ത്ര്യ‌മെന്നാൽ മറ്റു മതങ്ങളെ ആക്ഷേപിക്കാനുള്ള സ്വാതന്ത്ര്യ‌മല്ല. സ്വന്തം മതം മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യ‌മാണ് മതസ്വാതന്ത്ര്യ‌ം എന്ന സംജ്ഞകൊണ്ട് ഭരണഘടനാ കർത്താക്കൾ ഉദ്ദേശിച്ചിട്ടുള്ളത്. ഭിന്നരുചിക്കാരായ വ്യക്തികൾ നിറഞ്ഞ സമൂഹമാണ് നമ്മുടേത്. ഒരാളിന്റെ രുചി മറ്റൊരാൾക്ക് പഥ്യമാകണമെന്നില്ല. എന്നാൽ അതിന്റെ പേരിൽ താൻ പിന്തുടരുന്ന മാർഗം അവലംബിക്കാത്ത എല്ലാവരും ദുർമാർഗികളാണെന്ന് പറയുന്നത് ശുദ്ധമായ വിവരക്കേടാണ്.

ഇതൊന്നും അറിയാത്തവരല്ല നമ്മുടെ ഭരണകർത്താക്കളും ജനങ്ങളും. എന്നാൽ ഇതൊക്കെയാണെങ്കിലും ചില സന്ദർഭങ്ങളിൽ വിമർശനങ്ങൾ അതിരുവിടുകയും വിവാദങ്ങൾ ഉണ്ടാവുകയും അസ്‌‌തമിക്കുകയും ചെയ്യാറുണ്ട്. ആരോഗ്യകരമായ ജനാധിപത്യത്തിന്റെ നിലനിൽപ്പിന് ഇതൊക്കെ മുതൽക്കൂട്ടായി മാറുകയാണ് സാധാരണ സംഭവിക്കുന്നത്. വിമർശനത്തിന് എല്ലാവരും ഒരേ മാർഗങ്ങളല്ല സ്വീകരിക്കാറുള്ളത്. ചിലർ കവിതയിലൂടെയാവും പ്രതിഷേധിക്കുക. ചിലർ നാടകങ്ങളിലൂടെയും. ഇതൊന്നും പാടില്ലെന്ന് പൊലീസ് പറയാൻ തുടങ്ങിയാൽ കണ്ണുപൊത്തിയിരിക്കുന്ന കുരങ്ങന്റെ വിലപോലും പൗരനു ലഭിക്കില്ല. അതിനാൽ ആവിഷ്‌കാര സ്വാതന്ത്ര്യ‌ത്തിൽ പൊലീസ് ഇടപെട്ട് കേസെടുക്കുന്നത് നമ്മുടെ ജനാധിപത്യ സംവിധാനത്തിൽ ആശ്വാസകരമായ കാര്യമല്ല. ഒരു കവിത എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതിന്റെ പേരിൽ കോൺഗ്രസ് രാജ്യസഭാ എം.പി ഇമ്രാൻ പ്രതാപ്‌ഗഡിക്കെതിരെ ഗുജറാത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ട് സുപ്രീംകോടതി ആവിഷ്‌കാര സ്വാതന്ത്ര്യ‌ത്തെക്കുറിച്ച് നടത്തിയ നിരീക്ഷണങ്ങൾ വളരെ ശ്രദ്ധേയമാണ്.

കവിത, നാടകം, സിനിമ, സ്റ്റേജ്‌ ഷോ, ആക്ഷേപഹാസ്യം തുടങ്ങിയവ മനുഷ്യജീവിതത്തെ കൂടുതൽ അർത്ഥവത്താക്കുന്നതാണെന്നാണ് സുപ്രീംകോടതി അഭിപ്രായപ്പെട്ടത്. വ്യക്തികൾക്കും സംഘങ്ങൾക്കും ചിന്തകൾ, അഭിപ്രായങ്ങൾ എന്നിവ പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യ‌മുണ്ടായിരിക്കണം. അത് ആരോഗ്യകരവും പരിഷ്‌കൃതവുമായ സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണ്. പൊലീസും എക്‌സിക്യുട്ടീവും പരാജയപ്പെട്ടാൽ കോടതികൾ ഇടപെട്ട് മൗലികാവകാശങ്ങൾ സംരക്ഷിക്കണമെന്നും മറ്റൊരു സ്ഥാപനത്തിനും അതിന് കഴിയില്ലെന്നുമാണ് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടത്. രാജ്യം റിപ്പബ്ളിക്കായി 75 വർഷങ്ങൾ പിന്നിട്ടു. ഒരു കവിതാ പാരായണമോ, സ്റ്റാൻഡ് - അപ്പ് കോമഡിയോ കേട്ട് സമുദായങ്ങൾ തമ്മിൽ ശത്രുതയിലാവുന്ന തരത്തിൽ ദുർബലമല്ല നമ്മുടെ രാജ്യത്തിന്റെ അടിത്തറയെന്നും കോടതി ചൂണ്ടിക്കാട്ടി.

സ്റ്റാൻഡ് അപ്പ് കോമഡിയിൽ അവതരിപ്പിച്ച ഒരു പാട്ടിലൂടെ ശിവസേനാ നേതാവ് ഷിൻഡേയെ ആക്ഷേപിച്ചെന്ന് ആരോപിച്ച് മഹാരാഷ്ട്രയിൽ അക്രമസംഭവങ്ങൾ നടന്നിരുന്നു. രാഷ്ട്രീയത്തിലും മതത്തിലും സഹിഷ്‌ണുത കുറഞ്ഞുവരുന്നു എന്നു തെളിയിക്കുന്നതാണ് ഇതൊക്കെ. ഇന്ത്യയിൽ ഏറ്റവും രൂക്ഷമായ വിമർശനത്തിന് വിധേയനായ നേതാവാണ് നരേന്ദ്ര മോദി. അദ്ദേഹം പ്രധാനമന്ത്രിയായി രാജ്യം ഭരിക്കുകയാണ്. അതുപോലെതന്നെ ഒട്ടും കുറയാത്ത വിമർശനം നേരിട്ടിട്ടുള്ള നേതാവാണ് പിണറായി വിജയൻ. അദ്ദേഹം മുഖ്യമന്ത്രിയായി സംസ്ഥാനം ഭരിക്കുന്നു. വിമർശനത്തിനപ്പുറം ഇവർ ശരിയാണെന്നു കരുതുന്നവർ ഭൂരിപക്ഷമായതുകൊണ്ടാണ് ഇവർ അധികാരസ്ഥാനങ്ങളിൽ തുടരുന്നത്. ഒരാൾ വിമർശിക്കുമ്പോൾ രണ്ടുപേർ പിന്തുണ നൽകാൻ മുന്നോട്ടു വരും. അതാണ് ജനാധിപത്യത്തിന്റെ രീതി. അതിനാൽ കവിതയെഴുതി, നാടകം കളിച്ചു തുടങ്ങിയ ബലഹീനമായ പരാതികളുടെ പേരിൽ കേസെടുക്കാൻ പൊലീസ് തുനിയാതിരിക്കുന്നതു തന്നെയാണ് നല്ലത്. പൊലീസ് ഉദ്യോഗസ്ഥർ ഭരണഘടനയുടെ ആദർശങ്ങളെ ബഹുമാനിക്കാനാണ് പഠിക്കേണ്ടത്.