ഐ.ടി നഗരത്തിലെ ഷീ ലോഡ്ജ് അടഞ്ഞുതന്നെ

Sunday 30 March 2025 2:24 AM IST

കുളത്തൂർ: ഐ.ടി നഗരമായ കഴക്കൂട്ടത്ത് സ്ത്രീകൾക്ക് സുരക്ഷിത താമസ സൗകര്യമൊരുക്കാൻ നഗരസഭ നിർമ്മിച്ച ഷീ ലോഡ്ജ് 'നിവാസം' അടഞ്ഞുതന്നെ. കെട്ടിടത്തിന്റെ പണികൾ പൂർത്തിയായെങ്കിലും തുറന്നുനൽകാൻ അധികൃതർ തയ്യാറായിട്ടില്ല.

നഗരത്തെ സ്ത്രീ സൗഹൃദ കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ കഴക്കൂട്ടത്ത് ഷീ ലോഡ്ജ് എന്ന പദ്ധതി നടപ്പിലാക്കിയത്. ഏറെനാൾ ഇഴഞ്ഞുനീങ്ങിയ നിർമ്മാണം അടുത്ത കാലത്താണ് പൂർത്തിയാക്കിയത്.

മിതമായ നിരക്കിൽ താമസസൗകര്യം ഏർപ്പെടുത്തുമെന്നായിരുന്നു വാഗ്ദാനം.

നഗരസഭയുടെ നേതൃത്വത്തിൽ കഴക്കൂട്ടം സോണൽ ഓഫീസിനു സമീപം നാല് നിലയിലായി അഞ്ച് എ.സി റൂം ഉൾപ്പെടെ 22 റൂമുകളുടെ നിർമ്മാണമാണ് പൂർത്തിയാക്കിയത്. കൂടാതെ കാർ പാർക്കിംഗ് സൗകര്യവും ഓഫീസ് സൗകര്യവുമുണ്ട്.

എത്രയും വേഗം ഷീലോഡ്ജ് തുറന്ന് നൽകണമെന്നാണ് ഐ.ടി മേഖലയിൽ പ്രവർത്തിക്കുന്ന വനിതകളുടെ ആവശ്യം.

പദ്ധതിച്ചെലവ് - 4 കോടി 75 ലക്ഷം രൂപ

രൂപകല്പന

- രണ്ട് നിലകളിൽ 11 മുറി വീതം

- ഒരു നിലയിൽ പാർക്കിംഗ്

- മറ്റൊന്നിൽ ഓഫീസ് സൗകര്യം

തറക്കല്ലിട്ടത്

2019 ഫെബ്രുവരി 11ന് വി.കെ.പ്രശാന്ത് മേയറായിരുന്നപ്പോഴാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്.

സുരക്ഷിത താവളം

മത്സരപരീക്ഷകൾ,ഇന്റർവ്യു തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി സംസ്ഥാനത്തിന്റെ പലഭാഗങ്ങളിൽ നിന്ന് ഐ.ടി നഗരത്തിലെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി താമസിക്കാൻ ഒരിടം എന്ന ലക്ഷ്യവുമായാണ് 'നിവാസം' പദ്ധതി യാഥാർത്ഥ്യമാക്കിയത്.