തെളിവെടുപ്പിന് ബംഗളൂരുവിലെത്തിച്ച മയക്കുമരുന്ന് കേസ് പ്രതി രക്ഷപ്പെട്ടു
തൃശൂർ: എം.ഡി.എം.എ വിൽപ്പനയ്ക്ക് തൃശൂർ നെടുപുഴ പൊലീസിന്റെ പിടിയിലായ യുവാവ് തെളിവെടുപ്പിനു കൊണ്ടുപോകവേ ബംഗളൂരുവിൽ നിന്ന് ചാടിപ്പോയി. ഇന്നലെ പുലർച്ചെയാണ് സംഭവം. പൊലീസിനൊപ്പം താമസിച്ചിരുന്ന ഹോട്ടലിലെ മൂന്നാം നിലയിൽ നിന്ന് പൈപ്പിലൂടെ ഊർന്നിറങ്ങുകയായിരുന്നു.
ഇക്കഴിഞ്ഞ ആറിന് രാത്രിയിലാണ് നെടുപുഴയിലെ വാടകവീട്ടിൽ 70 ഗ്രാം എം.ഡി.എം.എയും നാല് കിലോ കഞ്ചാവുമായി ആൽവിൻ ഉൾപ്പെടെ മൂന്നുപേർ പിടിയിലായത്. മയക്കുമരുന്ന് ബംഗളൂരുവിൽ നിന്ന് എത്തിച്ചതിനാലാണ് ആൽവിനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് കൊണ്ടുപോയത്. ആൽബിനെ പിടികൂടാനായി തൃശൂർ പൊലീസ് ബംഗളൂരു പൊലീസിന്റെ സഹായം തേടി. തൃശൂരിലെ കമ്മിഷണർ സ്‌ക്വാഡ് അംഗങ്ങളും ബംഗളൂരുവിലേക്ക് തിരിച്ചു.
ഏതാനും ദിവസം മുമ്പ് വടക്കാഞ്ചേരിയിൽ ബൈക്ക് മോഷണക്കേസിൽ കോടതിയിൽ ഹാജരാക്കാൻ ട്രെയിനിൽ കൊണ്ടുവരവേ പൊലീസിനെ കബളിപ്പിച്ച് രണ്ടുപേർ രക്ഷപ്പെട്ടിരുന്നു. ഇതിൽ ഒരാളെ പിന്നീട് നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. രണ്ടാമനെ പിടികൂടാനായിട്ടില്ല.