ഹനുമാൻകൈൻഡിനെയും ജോബി മാത്യുവിനെയും പ്രശംസിച്ച് മോദി, മലയാളത്തിൽ വിഷു ആശംസയും
ന്യൂഡൽഹി: മലയാളി റാപ്പർ ഹനുമാൻകൈൻഡിനെയും ഖേലോ ഇന്ത്യ ദേശീയ ഗെയിംസിൽ സ്വർണമെഡൽ നേടിയ ജോബി മാത്യുവിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെയായിരുന്നു പ്രശംസ. മലയാളികൾക്ക് വിഷു ആശംസകളും പ്രധാനമന്ത്രി നേർന്നു.
മലയാളത്തിൽ വിഷു, ഈദ് ആശംസകൾ നേർന്നുകൊണ്ടാണ് പ്രധാനമന്ത്രി മൻ കീ ബാത്തിന്റെ 120ാം എപ്പിസോഡ് ആരംഭിച്ചത്. രാജ്യത്തെ പരമ്പരാഗത ആയോധനകലകൾ പ്രസിദ്ധിയാർജിക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു മലയാളി റാപ്പറായ 'ഹനുമാൻകൈൻഡ്' എന്നറിയപ്പെടുന്ന സൂരജ് ചെറുകാടിനെ പ്രധാനമന്ത്രി പരാമർശിച്ചത്. ഹനുമാൻകൈൻഡിന്റെ 'റൺ ഈറ്റ് അപ്പ്' എന്ന പുതിയ പാട്ടിന്റെ വീഡിയോയിൽ കളരിപ്പയറ്റ് അടക്കം ഇന്ത്യയിലെ പല ആയോധന കലകളും ഉൾപ്പെടുത്തിയിരുന്നു. പാട്ടിന് വലിയ പ്രചാരണം ലഭിക്കുന്നുണ്ടെന്ന് മോദി പറഞ്ഞു. രണ്ടര കോടിയിലധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. യുട്യൂബ് മ്യൂസിക് ട്രെൻഡിംഗിൽ രണ്ടാം സ്ഥാനത്താണ് 'റൺ ഈറ്റ് അപ്പ്'.
ഖേലോ ഇന്ത്യ ദേശീയ ഗെയിംസിൽ പാരാ പവർ ലിഫ്റ്റിംഗിൽ 65 കിലോ പുരുഷ വിഭാഗത്തിൽ 148 കിലോ ഭാരം ഉയർത്തിയാണ് ജോബി മാത്യു സ്വർണം നേടിയത്. ജോബിയെപ്പോലെയുള്ളവർ പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാരനായ ജോബി ആലുവ സ്വദേശിയാണ്. നേട്ടത്തിൽ ആശംസ അറിയിച്ച് നേരത്തെ പ്രധാനമന്ത്രി ജോബിക്ക് കത്തയച്ചിരുന്നു.