എമ്പുരാനിലെ പാട്ട് പാടിയതിന് പൃഥ്വിരാജിന്റെ മകൾ അലംകൃതയ്ക്ക് നൽകിയ പ്രതിഫലം വെളിപ്പെടുത്തി ദീപക് ദേവ്
മലയാള സിനിമയിലെ സകല റെക്കോർഡുകളും തകർത്ത് മോഹൻലാൽ - പൃഥ്വിരാജ് ചിത്രം 'എമ്പുരാൻ' തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സിനിമയിലും ട്രെയിലറിലും ഏറെ കയ്യടി നേടിയ ഗാനമാണ് 'എമ്പുരാനേ...' എന്ന പാട്ട്. പൃഥ്വിരാജിന്റെ മകൾ അലംകൃത മേനോനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഇപ്പോഴിതാ അലംകൃതയെ കൊണ്ട് ഗാനം ആലപിപ്പിച്ചപ്പോൾ നടന്ന ഒരു സംഭവത്തെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് സംഗീത സംവിധായകൻ ദീപക് ദേവ്. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദീപക് ദേവ് ഇക്കാര്യം പങ്കുവച്ചത്.
'പൃഥ്വിരാജിനെ മാത്രമല്ല അദ്ദേഹത്തിന്റെ മകളെയും പാടിച്ചത് ഞാനാണ്. അലംകൃത പാടിയ ശേഷം 'ഹൗ മച്ച് വിൽ യു പേ മീ' എന്നാണ് ചോദിച്ചത്. നിന്റെ അച്ഛന് ഞാൻ പെെസ കൊടുത്തിട്ടില്ല പിന്നെയാണ് എന്നാണ് ഞാൻ പറഞ്ഞത്. നോ നോ എനിക്ക് പ്രതിഫലം വേണമെന്ന് മോൾ പറഞ്ഞു. എല്ലാം കഴിയുമ്പോൾ തിരിഞ്ഞ് നോക്കൂ. അപ്പോൾ ഞാൻ എന്താണ് തരുന്നതെന്ന് കാണാം എന്നാണ് ഞാൻ പറഞ്ഞത്. അങ്ങനെ പാടി കഴിഞ്ഞ് കുറച്ച് സമ്മാനങ്ങൾ ഞാൻ നൽകി. മോൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഞാൻ ആദ്യമേ ചോദിച്ച് വച്ചിരുന്നു. അവൾക്ക് ഹാരിപോട്ടർ വളരെ ഇഷ്ടമാണെന്ന് പൃഥ്വി പറഞ്ഞിരുന്നു. ഹാരിപോട്ടറിന്റെ കുറച്ച് ടോയ്സ് പിന്നെ കുറച്ച് ഫ്ലവേഴ്സ് അങ്ങനെ കുറച്ച് സാധനങ്ങൾ കൊടുത്തപ്പോൾ കണ്ണിൽ നക്ഷത്രം വരിക എന്ന് പറയില്ലേ അങ്ങനെയായിരുന്നു മോൾ. ഇമോഷൻസുൾപ്പെടെ ഒറ്റപ്രാവശ്യം പറഞ്ഞുകൊടുത്തപ്പോൾ തന്നെ മനസിലാക്കി അഞ്ച് മിനിട്ടിൽ അലംകൃത പാടിക്കഴിഞ്ഞു. ഇന്ദ്രജിത്തിന്റെ മകളായ പ്രാർഥനയും ചിത്രത്തിൽ പാടിയിട്ടുണ്ട്',- ദീപക് ദേവ് പറഞ്ഞു.