മദ്ധ്യവേനലവധിക്ക് തുടക്കം.. കളിയാവേശത്തിൽ മൈതാനങ്ങൾ

Monday 31 March 2025 12:20 AM IST
പന്പരം

ഒാർമ്മയായി നാടൻകളികൾ

തൃശൂർ : രണ്ട് മാസത്തെ മദ്ധ്യവേനലവധിക്ക് സ്‌കൂൾ അടച്ചതോടെ കളിയാവേശം നിറഞ്ഞ് മൈതാനങ്ങളും പാടങ്ങളും. കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളും ഒഴിഞ്ഞപറമ്പും ഗ്രൗണ്ടുമെല്ലാം ഇനി കുട്ടികൾ കൈയടക്കും. മുൻകാലങ്ങളിൽ നാടൻകളികളായിരുന്നു പ്രധാന വിനോദമെങ്കിൽ കുറച്ചുകാലമായി അതെല്ലാം അപ്രത്യക്ഷമായി കഴിഞ്ഞു. അന്നൊക്കെ കളി, ലഹരിയായിരുന്നെങ്കിൽ ഇന്ന് പലരും കുട്ടികളെ ഇത്തരം കേന്ദ്രങ്ങളിലേക്ക് വിടാതെ മറ്റ് മേഖലകളിലേക്ക് വിടുകയാണ്. ക്രിക്കറ്റ്, ഫുട്ബാൾ, വോളിബാൾ തുടങ്ങി ഏതാനും കളികളായി അവ ചുരുങ്ങി. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള അവധിക്കാല യാത്രകളും പതിവാണ്. അവധിക്കാലം തുടങ്ങിയതോടെ ഫുട്ബാളിനും വോളിബാളിനും ക്രിക്കറ്റിനുമെല്ലാം അവധിക്കാല ക്യാമ്പുകളും പലയിടത്തും ആരംഭിച്ചിട്ടുണ്ട്. ജവഹർ ബാലഭവനിൽ ഉൾപ്പെടെ രണ്ട് മാസം നീണ്ടുനിൽക്കുന്ന വിവിധ ക്യാമ്പുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

കുട്ടിയും കോലും, പമ്പരം കൊത്തും, ഗോലികളിയും

സ്‌കൂൾ അടച്ചാൽ പ്രധാനമായും നാട്ടിൻപുറങ്ങളിൽ നാടൻ കളികൾ കൊണ്ട് ആവേശം നിറയും. എത് സമയത്തും കളിക്കുന്ന പളുങ്ക്കളി, പമ്പരം കൊത്തിനും പുറമേ ഒളിച്ചുകളി, കള്ളനും പൊലീസും, റിംഗ് കളി, ഏറും പന്ത്, കുഴിപ്പന്തുകളി, കവടികളി, ആകാശം ഭൂമി, ഈർക്കിൽകളി, ഐസ് കളി, കസേരകളി, കാരകളി, പട്ടം പറത്തൽ തുടങ്ങി എണ്ണിയാൽ തീരാത്ത കളികളായിരുന്നെങ്കിൽ പുത്തൻതലമുറയ്ക്ക് ഇതെല്ലാം കേട്ടറിവ് മാത്രമാണ്.

കുട്ടിക്കൂട്ടങ്ങളുടെ ഉണ്ണിപ്പുരകൾ എവിടെ... ?

സ്‌കൂൾ അടച്ചാൽ ഓരോ പ്രദേശത്തിന്റെ മുക്കിലും മൂലയിലും ഉണ്ണിപ്പുരകൾ ഉയർന്നിരുന്ന കാലമുണ്ടായിരുന്നു. വീട്ടുകാർ തയ്യാറാക്കി വച്ച പച്ച ഓലകളും തൂപ്പും കൊണ്ട് കുട്ടിക്കൂട്ടങ്ങൾ നിർമ്മിച്ചിരുന്ന ഉണ്ണിപ്പുരകൾ കാണാനില്ല. അതിരാവിലെ മുതൽ വൈകിട്ട് വരെ തമ്പടിക്കുന്ന കുട്ടിസംഘങ്ങൾ പ്രതീകാത്മകമായി മണ്ണു കൊണ്ടും ഇലകൾകൊണ്ടും ഉണ്ടാക്കുന്ന ഭക്ഷണവും പോയ് മറഞ്ഞു.

ഊഞ്ഞാലിലെ ' ആനപ്പുറം '

പെൺകുട്ടികളുടെ പ്രധാന വിനോദങ്ങളിൽ ഒന്നായിരുന്ന ഊഞ്ഞാലുകൾ ഇന്ന് അപ്രത്യക്ഷമായി. പെൺകുട്ടികളുടെ മറ്റൊരു വിനോദമായ കളം വരച്ച് കല്ലിട്ട് കളിക്കുന്ന കൊറ്റംകുത്തിയുമെല്ലാം ഇന്ന് കേട്ടറിവായി. കല്ലുകളിയും ഇവരുടെ പ്രധാന വിനോദമാണ്.