പെരുന്നാൾ ദിനത്തിലും ആക്രമണം: കണ്ണീരിന് നടുവിൽ ഗാസ

Monday 31 March 2025 6:51 AM IST

ടെൽ അവീവ്: ബോംബാക്രമണങ്ങൾക്കും കണ്ണീരിനും നടുവിൽ ചെറിയ പെരുന്നാൾ പ്രാർത്ഥനകളിൽ മുഴുകി ഗാസയിലെ പാലസ്തീനികൾ. ആഘോഷമോ പുതുവസ്ത്രമോ ഇല്ല. എങ്ങും പട്ടിണിയും വേദനയും മാത്രം. പ്രിയപ്പെട്ടവരെ നഷ്ടമായ വേദന പലരുടെയും കണ്ണുകളെ ഈറനണിയിച്ചു. എന്നിട്ടും യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയോടെ തകർന്നടിഞ്ഞ കെട്ടിടങ്ങൾക്ക് മുന്നിൽ പ്രാർത്ഥനാനിർഭരമായ മനസോടെ ഗാസയിലെ വിശ്വാസികൾ ഒത്തുചേർന്നു.

രണ്ട് മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം മാർച്ച് 18 മുതൽ ഇസ്രയേൽ ഗാസയിൽ ആക്രമണം പുനരാരംഭിച്ചിരുന്നു. വെടിനിറുത്തൽ കരാറിന്റെ തുടർച്ചയിൽ ഹമാസുമായി ധാരണയിലെത്താത്ത പശ്ചാത്തലത്തിലായിരുന്നു നടപടി. 920 പേരാണ് അന്ന് മുതലുള്ള ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.

ഹമാസിന് മേൽ സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി ഗാസയിലേക്ക് ഭക്ഷണവും മരുന്നും മറ്റുമായി എത്തുന്ന സഹായ ട്രക്കുകളും പ്രവേശനം നിറുത്തുകയും ചെയ്തു. നിലവിൽ വളരെ കുറച്ച് ഭക്ഷ്യ ശേഖരം മാത്രമാണ് ഗാസയിലുള്ളത്. പെരുന്നാൾ ദിനമായ ഇന്നലെ അഭയാർത്ഥി ക്യാമ്പുകളിൽ നിന്നും ലഭിച്ച പരിമിതമായ ഭക്ഷണം കൊണ്ട് വിശപ്പടക്കിയ കുഞ്ഞുങ്ങൾ വേദനിപ്പിക്കുന്ന കാഴ്ചയായി.

വിട്ടുവീഴ്ചയില്ലാതെ

ഇസ്രയേൽ

ഇന്നലെ രാവിലെ മുതൽ ഇസ്രയേൽ ആക്രമണങ്ങളിൽ 24 പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. സ്ത്രീകളും കുട്ടികളുമാണ് ഏറെയും. ഗാസയിൽ വീണ്ടും വെടിനിറുത്തൽ നടപ്പാക്കാനുള്ള ശ്രമങ്ങളിലാണ് ഈജിപ്റ്റ് അടക്കമുള്ള മദ്ധ്യസ്ഥ രാജ്യങ്ങൾ. ഈജിപ്റ്റും ഖത്തറും മുന്നോട്ടുവച്ച പുതിയ ഒരു നിർദ്ദേശം അംഗീകരിച്ചെന്ന് ഹമാസ് ശനിയാഴ്ച അറിയിച്ചിരുന്നു. എന്നാൽ ഇസ്രയേൽ ഇതിനോട് പ്രതികരിച്ചിട്ടില്ല.

ഹമാസ് ആയുധം താഴെവയ്ക്കും വരെ പോരാട്ടം തുടരുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാട്. വെടിനിറുത്തലിന്റെ അവസാന ഘട്ടത്തിൽ എത്തണമെങ്കിൽ ഹമാസ് നേതാക്കൾ ഗാസയ്ക്ക് പുറത്തു പോകണമെന്നും ഗാസയുടെ സുരക്ഷാ ചുമതല ഇസ്രയേലിന് കൈമാറണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു.