പ്രതിദിനം അയ്യായിരം ലിറ്ററിന്റെ കുറവ്.. ചൂടിൽ വറ്റി ക്ഷീരമേഖല
കോട്ടയം : കനത്ത ചൂടിൽ ജില്ലയിലെ പാലുത്പാദനത്തിൽ പ്രതിദിനം അയ്യായിരം ലിറ്ററിന്റെ കുറവ്. സ്ഥിതി തുടർന്നാൽ ഔട്ട് ലെറ്റുകൾക്ക് നൽകുന്ന പായ്ക്കറ്റ് പാലിന്റെ ക്വാട്ട കുറയ്‌ക്കേണ്ടി വന്നേക്കും. അതേസമയം സഹകരണ സംഘങ്ങളിലും പാലിന്റെ അളവ് കുറവാണ്. ശരാശരി 10 - 15 ലിറ്റർ വരെ പാൽ ലഭിച്ചിരുന്നിടത്ത് 8 - 10 ലിറ്ററായി കുറഞ്ഞു. തണുപ്പ് കാലാവസ്ഥയിൽ വളരുന്ന സങ്കരയിനം പശുക്കളെ പരിപാലിക്കാനുള്ള ചെലവും കൂടി. കാലിത്തീറ്റ വില കൂടിയതും ആവശ്യത്തിന് പുല്ല് ലഭ്യമല്ലാത്തതും തിരിച്ചടിയായി. സൂര്യാഘാതമേൽക്കുമെന്നതിനാൽ പശുക്കളെ തുറസായ സ്ഥലത്ത് മേയാൻ വിടാൻ കഴിയുന്നില്ല. മുൻപ് വിവിധയിടങ്ങളിൽ തീറ്റപ്പുല്ല് കൃഷിക്കായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നെങ്കിലും ഫലവത്തായില്ല. പച്ചപ്പുല്ലിന് ക്ഷാമം നേരിട്ടതോടെ ഉണങ്ങിയ പുല്ല് പശുവിന് കൊടുക്കേണ്ട സാഹചര്യമാണ്. കിലോയ്ക്ക് 10 രൂപ വരെയാണ് വില. ഗോതമ്പ് തവിടാണ് പിന്നെ കൊടുക്കുന്നത്.
പാൽ ഉത്പാദനം
മുൻപ് : 50000 ലിറ്റർ
ഇപ്പോൾ : 45000 ലിറ്റർ
ശ്രദ്ധിക്കണം ചൂടിനെ
പശുക്കളെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ തുറസായ സ്ഥലങ്ങളിൽ മേയാൻ വിടരുത്
തൊഴുത്തിന്റെ മേൽക്കൂരയിൽ ഓലയോ, ഷെയ്ഡ് നെറ്റോ പോലുള്ളവ ഇട്ട് ചൂട് കുറയ്ക്കണം
രണ്ടുനേരവും കുളിപ്പിക്കണം, പകൽ ഇടയ്ക്കിടെ വെള്ളം ഒഴിച്ചോ നനഞ്ഞ ചാക്കിട്ടോ തണുപ്പിക്കണം
ഒരു ദിവസം 60 ലിറ്റർ വെള്ളം കുടിക്കാൻ നൽകണം, കറവപ്പശുവിന് ഒരു ലിറ്റർ പാലിന് നാല് ലിറ്റർ
ഖരരൂപത്തിലുള്ള സമീകൃത തീറ്റ രാവിലെ ഏഴിന് മുമ്പും വൈകിട്ട് അഞ്ചിന് ശേഷവും നൽകുക.
'' വീടുകളിൽ പശുവിനെ വളർത്തുന്നതിനാൽ ശുദ്ധമായ പാലുപയോഗിക്കാം എന്നതു മാത്രമാണ് ലാഭം. ചൂട് കുറയുംവരെ പാലിന്റെ അളവ് കുറയും''
സി.കെ.ജോസഫ്, കർഷകൻ