മെഡി.കോളേജിൽ ലിഫ്റ്റ് പണിമുടക്കി, രോഗികൾക്ക് പണികിട്ടി
കോട്ടയം : ഇത് വല്ലാത്ത പണിയായിപ്പോയി. നേരെ നിവർന്ന് നിൽക്കാൻ വയ്യാ...പരസഹായം കൂടാതെ നടക്കാനും. എങ്ങനെ ഈ പടിക്കെട്ടുകൾ കയറും. ദിനംപ്രതി ആയിരക്കണക്കിനാളുകൾ ചികിത്സ തേടിയെത്തുന്ന കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റുകൾ തകരാറിലായത് രോഗികളെ തെല്ലൊന്നുമല്ല വലയ്ക്കുന്നത്. ആഴ്ചകളായി തുടരുന്ന ദുരിതം അധികൃതരാകട്ടെ കണ്ടഭാവം നടിക്കുന്നില്ല. പുതിയ കെട്ടിടസമുച്ചയങ്ങളും നൂതന സാങ്കേതി വിദ്യകളും ആശുപത്രിയിൽ നടപ്പാക്കുമ്പോഴാണ് ഈ ദുരവസ്ഥ. പഴയ അത്യാഹിത വിഭാഗത്തിന് സമീപത്തെയും പ്രധാന ഓപ്പറേഷൻ തിയേറ്ററിലേക്കുമുള്ള ലിഫ്റ്റുകളുമാണ് പണിമുടക്കിയതെന്ന് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. തിയേറ്ററിലേക്കുള്ള ഒരു ലിഫ്റ്റ് പ്രവർത്തിക്കുന്നതാണ് ആശ്വാസം.
കൃത്യമായ അറ്റകുറ്റപ്പണിയില്ല
കാലപ്പഴക്കത്തെ തുടർന്നാണ് ലിഫ്റ്റുകളുടെ പ്രവർത്തനം നിലച്ചതെന്ന് വാദമുയർത്തുമ്പോഴും കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതാണ് കാരണം. കഴിഞ്ഞ ദിവസം ഒമ്പത്, നാലാം വാർഡ് എന്നിവടങ്ങളിലെ ലിഫ്റ്റുകളുടെ പ്രവർത്തനം നിലച്ചിരുന്നു. തുടർച്ചയായി ഇവ പണിമുടക്കുന്നത് ആശുപത്രിയുടെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിച്ചു. വിവിധ വാർഡുകളിലേക്ക് എത്തുന്നതിനും മരുന്ന് ഉൾപ്പെടെ എത്തിക്കുന്നതിനും ചുറ്റിക്കറങ്ങേണ്ട സ്ഥിതിയാണ്.
കാലപ്പഴക്കം ചെന്ന ലിഫ്റ്റുകൾ മാറ്റി പുതിയത് സ്ഥാപിക്കണം. അല്ലാത്തപക്ഷം കേടുപാടുകൾ പരിഹരിച്ച് ലിഫ്റ്റുകൾ പ്രവർത്തിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണം.
(ശശിധരൻ, രോഗിയുടെ കൂട്ടിരിപ്പുകാരൻ)