ഉഷ്‌ണദിനങ്ങളിൽ ഉരുകാതിരിക്കാൻ

Tuesday 01 April 2025 4:13 AM IST

കേരളം അടുത്ത രണ്ടുമാസം വർദ്ധിച്ച ചൂടിന്റെയും ഉഷ്‌ണതരംഗത്തിന്റെയും പിടിയിലാവുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ നൽകുന്ന മുന്നറിയിപ്പ്. ഏപ്രിലിൽ ചൂട് 40 ഡിഗ്രി കടന്നേക്കാമെന്നാണ് കരുതുന്നത്. ഇടയ്ക്ക് വേനൽ മഴ ലഭിക്കുന്നുണ്ടെങ്കിലും താപനിലയിൽ കുറവൊന്നുമില്ല. കോൺക്രീറ്റ് കെട്ടിടങ്ങൾക്കുള്ളിൽ കഴിയുന്നവർക്ക് പുറത്തേതു പോലെയുള്ള ചൂട് അകത്തും അനുഭവിക്കേണ്ടിവരും. എ.സി അധികമായി ഉപയോഗിക്കുന്നവർക്ക് വൈദ്യുതി ബില്ലിന്റെ 'സൂര്യാഘാതം" ഏൽക്കേണ്ടിയും വരും! കാലാവസ്ഥാ വ്യതിയാനങ്ങളാൽ ഓരോ വർഷം കഴിയുന്തോറും വേനൽ കനത്തു വരികയാണ് ചെയ്യുന്നത്. ചൂടുകാലത്ത് സർക്കാർ തലത്തിൽ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് ആലോചിക്കാൻ മുഖ്യമന്ത്രി തന്നെ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചുചേർക്കുകയുണ്ടായി.

വേനൽക്കാലത്ത് വിവിധ വകുപ്പുകൾക്കു കീഴിൽ സ്വീകരിക്കേണ്ട നടപടികൾ ഏകോപിപ്പിക്കേണ്ടതിനെക്കുറിച്ചാണ് പ്രധാനമായും യോഗം ചർച്ച ചെയ്തത്. ഉഷ്‌ണതരംഗ സാദ്ധ്യത, മഴക്കാലപൂർവ ശുചീകരണം, പകർച്ചവ്യാധി പ്രതിരോധ നടപടികൾ എന്നിവയെക്കുറിച്ചെല്ലാം യോഗം വിലയിരുത്തി. ഉഷ്‌ണകാലത്ത് ജനങ്ങൾക്ക് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. പാലക്കാട്ടും നെയ്യാറ്റിൻകരയിലും മറ്റും സൂര്യാഘാതമേറ്റതിന്റെ വാർത്തകൾ വന്നിട്ടുണ്ട്. നിലവിൽ താലൂക്ക് ആശുപത്രികളിൽ മാത്രമാണ് ഇതിനൊക്കെയുള്ള ചികിത്സാ സൗകര്യങ്ങളുള്ളത്. ഇത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഒരുക്കണമെന്ന് യോഗം തീരുമാനിച്ചത് സ്വാഗതാർഹമാണ്. പകർച്ചവ്യാധികൾ മുൻകൂട്ടിക്കണ്ട് പ്രതിരോധ നടപടികൾ ത്വരിതപ്പെടുത്തണം. ഉഷ്‌ണകാലത്ത് കുട്ടികൾക്ക് ഉണ്ടാകുന്ന രോഗങ്ങൾക്ക് ചികിത്സ നൽകാൻ സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡുകൾ സജ്ജീകരിക്കേണ്ടതും ആവശ്യമാണ്. വേനൽക്കാലത്ത് നീരൊഴുക്ക് കുറയുന്നതിനാൽ ജലം മലിനമാകാൻ സാദ്ധ്യത കൂടുതലാണ്. അതിനാൽ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ ജനങ്ങളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

തണ്ണീർപ്പന്തലുകൾ വ്യാപകമാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് വിവിധ സ്വകാര്യ സംഘടനകളുമായും റസിഡന്റ്സ് അസോസിയേഷനുകളുമായും മറ്റും സഹകരിക്കാവുന്നതാണ്. ഉത്തരേന്ത്യയിലും മറ്റും മിക്ക സ്ഥാപനങ്ങളുടെയും ഭവനങ്ങളുടെയും സമീപം വലിയ പാത്രങ്ങളിൽ വെള്ളം നിറച്ചു വയ്ക്കാറുണ്ട്. പക്ഷിമൃഗാദികൾക്ക് വെള്ളം കുടിക്കാനാണ് ഇത്. കേരളത്തിൽ പൊതുവെ ഇങ്ങനെയൊരു കാഴ്ച കാണാറില്ല. വേനൽ തിളയ്ക്കുകയാണെങ്കിൽ അത്തരം കരുതലുകൾ ഇവിടെയും ആവശ്യമായി വരും. കാട് വേനലിൽ അമരുമ്പോൾ വന്യമൃഗങ്ങൾ ജലസ്രോതസുകൾ തേടി നാട്ടിലേക്കിറങ്ങാൻ സാദ്ധ്യതയുള്ളതിനാൽ വനാതിർത്തികളിൽ താമസിക്കുന്നവർക്ക് പ്രത്യേക മുന്നറിയിപ്പും സംരക്ഷണവും നൽകാൻ വനം വകുപ്പ് നടപടികളെടുക്കേണ്ടതാണ്. നിർമ്മാണം പൂർത്തിയായെങ്കിലും പല പാർക്കുകളും തുറന്നുകൊടുക്കാതെ അടച്ചിട്ടിരിക്കുന്നത് പലയിടത്തും കാണാനാകും. ഇത് തുറന്നുകൊടുക്കാൻ അധികൃതർ നടപടികൾ സ്വീകരിക്കേണ്ടതാണ്.

ശരീരത്തിന്റെ ചൂട് കൂട്ടുന്ന ആഹാരപദാർത്ഥങ്ങൾ കുറയ്ക്കാനും പഴവർഗങ്ങളും മറ്റ് ഫലമൂലാദികളും നിത്യഭക്ഷണത്തിന്റെ ഭാഗമാക്കാനും കഴിവതും ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. പഴവർഗങ്ങളുടെ വില ക്രമാതീതമായി ഉയരാതിരിക്കാനുള്ള ഇടപെടലുകൾ സപ്ളൈകോയുടെയും കൃഷിവകുപ്പിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകണം. അതുപോലെ വിഷമരുന്നടിച്ച ഫലങ്ങൾ വിപണിയിൽ നിരുത്സാഹപ്പെടുത്തുന്നതിന് ഇതുസംബന്ധിച്ച പരിശോധനകൾ അതിർത്തികളിൽ സജീവമാക്കണം. ആശാപ്രവർത്തകരുടെ ഇടപെടലുകൾ ഏറ്റവും ആവശ്യമായ ഈ ഘട്ടത്തിൽ അവരുടെ സമരം തുടരുന്നത് ആശങ്കാജനകമാണ്. ചൂട് കൂടുന്നത് തീപിടിത്തത്തിന് കാരണമായേക്കാമെന്നതിനാൽ അശ്രദ്ധയോടെ ചവറുകളും മറ്റും കത്തിക്കാതിരിക്കാനും തീപിടിക്കാനിടയുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാതിരിക്കാനും എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. വെയിലത്ത് ജോലിചെയ്യുന്ന നിർമ്മാണ തൊഴിലാളികളുടെ കാര്യത്തിൽ സമയക്രമം പാലിച്ച് ചൂട് ഉച്ചസ്ഥായിയിലുള്ള സമയങ്ങളിൽ വിശ്രമം അനുവദിക്കേണ്ടതാണ്.