ഉത്തരമില്ലാത്ത ചോദ്യങ്ങൾ
കേരള സർവകലാശാലാ പരീക്ഷകളുടെ ഉത്തരക്കടലാസുകൾ കാണാതാവുന്നതും നശിപ്പിക്കപ്പെടുന്നതും ഉപേക്ഷിക്കുന്നതുമെല്ലാം പതിവാണ്. ഏതാനും വർഷങ്ങൾക്കിടെ ഇത്തരം നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു അദ്ധ്യാപകന്റെ കൈവശമുണ്ടായിരുന്ന പി.ജി പരീക്ഷയുടെ ഉത്തരക്കടലാസുകൾ കത്തിപ്പോയ സംഭവമുണ്ടായിട്ടുണ്ട്. എം.ബി.എ പരീക്ഷയുടെ ചോദ്യപേപ്പർ അദ്ധ്യാപകനിൽ നിന്ന് നഷ്ടമായ സംഭവവമുണ്ടായി. രണ്ട് സംഭവങ്ങളിലും വിദ്യാർത്ഥികൾക്ക് പിന്നീട് പ്രത്യേക പരീക്ഷ നടത്തുകയായിരുന്നു. ഇക്കൂട്ടത്തിലെ ഒടുവിലത്തെ സംഭവമാണ് എം.ബി.എ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് അദ്ധ്യാപകന്റെ ബൈക്ക് യാത്രയ്ക്കിടെ പാലക്കാട്ട് വച്ച് നഷ്ടമായത്.
കഴിഞ്ഞ ജനുവരിയിൽ പാലക്കാട്ടു വച്ച് എം.ബി.എ മൂന്നാം സെമസ്റ്റർ ഉത്തരക്കടലാസ് നഷ്ടമായിട്ടും വിവരം പുറത്തറിയിക്കാതെ സർവകലാശാല പൂഴ്‌ത്തി. പരീക്ഷാ ഉപസമിതിയും സിൻഡിക്കേറ്റും വിഷയം ചർച്ച ചെയ്തതും രഹസ്യമാക്കി. വിദ്യാർത്ഥികൾക്ക് പ്രത്യേക പുനഃപരീക്ഷയ്ക്ക് ഹാജരാവാൻ യൂണിവേഴ്സിറ്റി കഴിഞ്ഞദിവസം ഇ-മെയിൽ അയച്ചിരുന്നു. ഇതേത്തുടർന്ന് വിദ്യാർത്ഥികൾ സർവകലാശാലയിലെത്തി അന്വേഷിച്ചപ്പോഴാണ് മൂന്നാം സെമസ്റ്ററിന്റെ പ്രോജക്ട് ഫിനാൻസ് പേപ്പറിന്റെ ഉത്തരക്കടലാസ് നഷ്ടമായെന്ന് അറിയിച്ചത്.
ആലപ്പുഴയിലെ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിൽ, 32 എം.ബി.എ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് മൂല്യനിർണയത്തിന് അയയ്ക്കാതെ അഞ്ചുമാസം അലമാരയിൽ പൂട്ടിവച്ചിരുന്നു. ഉത്തരക്കടലാസുകൾ മൂല്യനിർണയ ക്യാമ്പിലെത്താത്തതിനെത്തുടർന്ന് നടത്തിയ വ്യാപകമായ തെരച്ചലിലാണ് അലമാരയിൽ നിന്ന് ഉത്തരക്കടലാസുകൾ കണ്ടെത്തിയത്. ഇതേത്തുടർന്ന് മൂന്നാം സെമസ്റ്റർ പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷ നടത്തി.
യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസ് പ്രതികളുടെ വീട്ടിൽനിന്ന് സർവകലാശാലയുടെ ഉത്തരക്കടലാസ് പൊലീസ് പിടിച്ചെടുത്ത സംഭവവുമുണ്ടായിരുന്നു. ക്രൈംബ്രാഞ്ച് കേസുമെടുത്തു. ഇതിൽ ഉത്തരവാദിയാണെന്ന് സർവകലാശാലയുടെ അന്വേഷണ സമിതി കണ്ടെത്തിയ അദ്ധ്യാപകനെതിരേ ശിക്ഷാനടപടിയുണ്ടായില്ല. പരീക്ഷാ ജോലികളിൽ നിന്ന് സ്ഥിരമായി ഡിബാർ ചെയ്യുകയും കോളേജിൽ നിന്ന് സ്ഥലം മാറ്റുകയും മാത്രമായിരുന്നു നടപടി. 2016, 2017, 2018 വർഷത്തെ 45 ഉത്തരകടലാസുകൾ ചോർന്നുവെന്ന് രജിസ്ട്രാർ പൊലീസിനെ അറിയിച്ചിരുന്നു.
യൂണിവേഴ്സിറ്റി കോളേജിലെ ബി.എസ്‌സി മാത്തമാറ്റിക്‌സ് ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഉത്തരക്കടലാസുകൾ കാണാതായെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു. മറ്റു കോളേജുകളിലെയും ജൂനിയർ വിദ്യാർത്ഥികളുടെയും ഫലം പ്രസിദ്ധീകരിച്ചിട്ടും ഇവിടത്തെ കുട്ടികളുടെ ഫലം പ്രഖ്യാപിക്കാനായിരുന്നില്ല. ഉത്തരക്കടലാസുകൾ കാണാതായിട്ടില്ലെന്നും ആരുടെ കൈവശമാണെന്ന് അറിയില്ലെന്നുമായിരുന്നു സർവകലാശാല വിശദീകരിച്ചത്. മൂല്യനിർണയത്തിന് പേപ്പറുകൾ ആർക്കാണ് നൽകിയതെന്ന് കണ്ടെത്തി പിന്നീട് തിരിച്ചെടുക്കുകയായിരുന്നെന്നാണ് വിവരം.
ഉത്തരക്കടലാസും ചോരുന്നു
യൂണിവേഴ്സിറ്റി കോളേജിൽ നടന്ന വധശ്രമക്കേസിലെ ഒന്നാം പ്രതിയുടെ വീട്ടിൽനിന്ന് സർവകലാശാലാ പരീക്ഷകളുടെ ഉത്തരക്കടലാസുകൾ പൊലീസ് കണ്ടെടുത്തതോടെ, കോളേജിലെ പരീക്ഷാ നടത്തിപ്പ് സംശയമുനയിലായിരുന്നു.വിദ്യാർത്ഥി നേതാക്കളും അവരുടെ അടുപ്പക്കാരും പരീക്ഷയിൽ 'ഉന്നത വിജയം' നേടുന്നത് അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സഹായത്തോടെയാണെന്ന ഗുരുതരമായ ആരോപണം സർവകലാശാല പരിശോധിച്ചിരുന്നു. ഉത്തരക്കടലാസുകൾ പരീക്ഷയ്ക്കു മുൻപ് ജീവനക്കാർ അടിച്ചുമാറ്റി നൽകുമെന്നാണു പ്രധാന ആരോപണം. പ്രതിയുടെ വീട്ടിൽ നിന്ന് സർവകലാശാലയുടെ ഉത്തരക്കടലാസുകൾക്ക് പുറമെ, ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ സീലും കണ്ടെത്തിയിരുന്നു.
വേണ്ടപ്പെട്ടവരെ സഹായിക്കാനും
ഉത്തരക്കടലാസുകൾ അപ്രത്യക്ഷമാക്കി, വേണ്ടപ്പെട്ട കുട്ടികൾക്ക് സ്പെഷ്യൽ പരീക്ഷ നടത്തുന്നതായും ആക്ഷേപമുണ്ടായിരുന്നു. ബി.എ, ബിഎസ്.സി, എംഎസ്.സി ഫിസിക്സ്, ബി.ടെക്, സ്പീച്ച് ആൻഡ് ലാംഗ്വേജ്, ബാച്ചിലർ ഒഫ് ഡിസൈൻ വിഭാഗങ്ങളിൽപ്പെട്ട 45 വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകളാണ് നേരത്തേ കാണാതായത്. സർവകലാശാലയിൽ എത്തിച്ചിരുന്ന ശേഷമാണ് കാണാതായത്. സ്പെഷ്യൽ പരീക്ഷയെഴുതുന്ന മിക്കവർക്കും ഉയർന്ന മാർക്ക് ലഭിക്കുന്നതു ദുരൂഹമാണെന്നും വിദ്യാർത്ഥികൾ പറയുന്നു. ഉത്തരക്കടലാസുകൾ നിരന്തരം കാണാതാകുന്ന പശ്ചാത്തലത്തിൽ പരീക്ഷാ വിഭാഗത്തിന്റെ അനക്‌സിൽ പ്രവർത്തിക്കുന്ന നമ്പറിംഗ് ക്യാമ്പിൽ നിരീക്ഷണ ക്യാമറ സ്ഥാപിച്ചിരുന്നു.