ശാർക്കരയിൽ ഗരുഢൻ തൂക്കം ഇന്ന്

Tuesday 01 April 2025 2:17 AM IST

ചിറയിൻകീഴ്: ശാർക്കര മീനഭരണി മഹോത്സവത്തിന് ഭക്തിനിർഭരമായ സമാപനമൊരുക്കി ക്ഷേത്ര സന്നിധിയിലെ പ്രധാന ചടങ്ങായ ഗരുഡൻ തൂക്ക നേർച്ച ഇന്ന് നടക്കും. കഴിഞ്ഞ ഒരാഴ്ചയായി ക്ഷേത്ര സന്നിധിയിലെ ഭജനപ്പുരയിൽ കഠിനവ്രതാനുഷ്ഠാനങ്ങളോടെ കഴിഞ്ഞുവന്നിരുന്ന 201 നേർച്ചക്കാരാണ് തൂക്കവില്ലേറുന്നത്. ഇന്ന് പുലർച്ചയോടെ ദേവീസന്നിധിയിലെത്തുന്ന നേർച്ച ഭക്തർ ദേവിയെ ഏഴു വലംചുറ്റി അനുഗ്രഹം വാങ്ങിയ ശേഷം ക്ഷേത്രസന്നിധിക്ക് അരക്കിലോമീറ്ററോളം അകലെയുള്ള ദേവസ്വംവക ഭഗവതി കൊട്ടാരത്തിലേക്ക് ഉടുത്തുകെട്ടലിനും ചുട്ടികുത്തലിനുമായി പുറപ്പെടും. ഉടുത്തുകെട്ടിനായി നിയോഗിക്കപ്പെട്ടിട്ടുളള കീഴതിൽ കുടുംബത്തിലെ കാരണവരുടെ അനുഗ്രഹം വാങ്ങി ആദ്യചടങ്ങായ ചുട്ടികുത്തലിന് തുടക്കമിടും. ക്ഷേത്രാചാരങ്ങളുടെ മഹിമ നിലനിറുത്തി തൂവെള്ള വസ്ത്രങ്ങളണിഞ്ഞ് ഒറ്റ തോർത്ത് ചൂടിയാണ് നേർച്ചത്തൂക്കത്തിൽ തൂക്കക്കാർ പങ്കെടുക്കുന്നത്. ഇരുപത്തിയഞ്ച് പേരടങ്ങുന്ന ആദ്യ നേർച്ചത്തൂക്ക സംഘം നാഗസ്വര വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭഗവതിക്കൊട്ടാരത്തിൽ നിന്നും ക്ഷേത്ര സന്നിധി ലക്ഷ്യമാക്കി ഘോഷയാത്രയായി പുറപ്പെടും. പ്രത്യേകരീതിയിൽ തുള്ളൽ നടത്തിയെത്തുന്ന നേർച്ചത്തൂക്കക്കാർ ക്ഷേത്ര സന്നിധിയിലെത്തി ദേവിയെ സ്തുതിച്ച ശേഷമാണ് വില്ലിന്മേൽ കയറുന്നത്. രാവിലെ 8.30ന് ഗരുഡൻതൂക്കം ആരംഭിക്കും. പിള്ളകെട്ടിത്തൂക്കവും ഉണ്ടായിരിക്കും. തൂക്കവഴിപാടുകൾ വൈകിട്ടോടെ സമാപിക്കും.

ക്ഷേത്രത്തിൽ ഇന്ന് വെളുപ്പിന് 3ന് ഉരുൾ സന്ധിപ്പ്,രാവിലെ 7ന് പായസവിതരണം,8.30ന് ഗരുഡൻതൂക്കം,ഉച്ചയ്ക്ക് 12ന് അന്നദാനം,വൈകിട്ട് 3.30ന് ശിങ്കാരിമേളം,രാത്രി 9ന് തൃക്കടവൂർ ശിവരാജുവിന്റെ അകമ്പടിയോടെ തിരു ആറാട്ടെഴുന്നള്ളത്ത്,സ്പെഷ്യൽ നാദസ്വരം,9.30ന് ഗാനമേള,12ന് തിരുആറാട്ട് തിരിച്ചെഴുന്നള്ളത്ത്,വലിയകാണിക്ക, തൃക്കൊടിയിറക്ക്,കളമെഴുത്തുംപാട്ടും.