ആശയറ്റവർ മുടിമുറിച്ച് പ്രതിഷേധിച്ചു
ആശാവർക്കർമാരുടെ വേറിട്ട പ്രതിഷേധം
തിരുവനന്തപുരം: സെക്രട്ടേറിയറ്രിലെ സമരപ്പന്തലിൽ വൻജനാവലിയെ സാക്ഷിയാക്കി ആശാ വർക്കർമാർ മുടിമുറിച്ച് പ്രതിഷേധിച്ചു.രാപകൽ സമരത്തിന്റെ അൻപതാം ദിനത്തിലെ പുതിയ സമരമുറയ്ക്ക് ഐക്യദാർഢ്യവുമായി സാമൂഹ്യ- രാഷ്ട്രീയ രംഗങ്ങളിലുള്ള നിരവധിപേരാണെത്തിയത്. മുടി മുറിക്കലിന് മുൻപും ശേഷവുമായി രണ്ട് പ്രകടനങ്ങളും സെക്രട്ടേറിയറ്റിന് മുന്നിൽ നടന്നു. വിവിധ ജില്ലകളിൽനിന്നെത്തിയവരും രാപകൽ- നിരാഹാര സമരങ്ങളിൽ പങ്കാളികളായവരുമായ ആശാവർക്കർമാരും നേതാക്കളുമാണ് മുടി മുറിച്ചത്. സഹനസമരത്തിന്റെ അല്പം കടന്ന മുറയെന്ന നിലയിൽ ആശാവർക്കർമാരായ പത്മജം (തിരുവല്ലം),ബീന (ചെമ്മരുതി) എന്നിവർ തലമുണ‌്ഠനം ചെയ്തു.
പത്തനംതിട്ട മാരാമൺ സ്വദേശിയും മാർത്തോമാ സഭാ വൈദികനുമായ ഫാ.രാജു.പി.ജോർജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ.എസ്.നായർ എന്നിവർ ആശമാർക്ക് ഐക്യദാർഢ്യമർപ്പിച്ച് തങ്ങളുടെ മുടിമുറിച്ചു.
സമരം അൻപത് ദിനം പിന്നിട്ടിട്ടും ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാകാത്തതിനാലായിരുന്നു മുടിമുറിക്കൽ പ്രതിഷേധം.ഈ സമരത്തോടെയെങ്കിലും സർക്കാർ അനുകൂലമായി പ്രതികരിക്കുമെന്ന പ്രതീക്ഷയിലാണ് സമരക്കാർ.
വീണാ നായർ
മുടിമുറിച്ചു
ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം അർപ്പിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ.എസ്.നായർ സമരവേദിക്ക് മുന്നിൽ തന്റെ മുടി മുറിച്ചു.മന്ത്രി വീണാജോർജ് നാല് ദിവസമെങ്കിലും ഏതെങ്കിലുമൊരു സമരപ്പന്തലിൽ ഇരുന്നാലേ സമരത്തിന്റെ മഹത്വം എന്താണെന്ന് മനസിലാകൂവെന്ന് വീണ.എസ്.നായർ പറഞ്ഞു.
സമരം വ്യാജ കമ്മ്യൂണിസ്റ്റ്
ഗവൺമെന്റിന് മുന്നിൽ: പി.ഇ.ഉഷ
സമരത്തിന് നേരെ കണ്ണടയ്ക്കുന്ന വ്യാജ കമ്മ്യൂണിസ്റ്റ് ഗവൺമെന്റിന് മുന്നിലാണ് ആശമാരുടെ സമരമെന്ന് പി.ഇ.ഉഷ പറഞ്ഞു. തൊഴിലെടുത്ത് ജീവിക്കാനുള്ള സ്ത്രീയുടെ അവകാശത്തെ നിലനിറുത്താൻ കൂടിയാണ് ഈ സമരം. സത്യം പറയാൻ ഭയക്കേണ്ട കാര്യമില്ല. പ്രകടനപത്രികയിൽ പറഞ്ഞിട്ടുള്ള കാര്യം ചോദിക്കുമ്പോൾ സർക്കാർ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്നും പി.ഇ.ഉഷ ചോദിച്ചു.
പിന്തുണയുമായി പ്രമുഖർ
സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആന്റോ ആന്റണി എം.പി,മാർത്തോമസഭ പരിസ്ഥിതി സമിതിയംഗം ഫാ.വി.എം.മാത്യു,ഫാ.ഡി.സുനിൽ,ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ,മുൻ എം.എൽ.എ അൽഫോൻസാ ജോർജ്,ആർ.എസ്.പി കേന്ദ്രകമ്മിറ്റിയംഗം പി.ജി.പ്രസന്നകുമാർ,ബി.ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ,ജില്ലാ പ്രസിഡന്റ് കരമന ജയൻ,മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ലക്ഷ്മി,കേരള കോൺഗ്രസ് സെക്യുലർ സംസ്ഥാന ചെയർമാൻ കല്ലട ദാസൻ,ജനകീയ പ്രതിരോധ സമിതി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജോർജ് മാത്യു കൊടുമൺ എന്നിവർ ഐക്യദാർഢ്യമർപ്പിക്കാനെത്തി.