ആശാത്തിയമ്മ ഇനി, സ്നേഹാകാശത്തെ അക്ഷര നക്ഷത്രം
കറുകച്ചാൽ : ഒരുനാടിന് മുഴുവൻ അക്ഷരമോതിയ ആശാത്തിയമ്മ. പ്രതിഫലം വാങ്ങാത്ത ആശാത്തിയമ്മയ്ക്ക് ചുറ്റും ശിഷ്യരുടെ സ്നേഹംപ്രാർത്ഥന പോലെ നിറഞ്ഞിരുന്നു. അതായിരുന്നു ഊർജം. ഒടുവിൽ 106-ാം വയസിൽ ജന്മദൗത്യം പൂർത്തിയാക്കി വിടവാങ്ങിയെങ്കിലും ആയിരങ്ങളുടെ സ്നേഹാകാശത്തെ അക്ഷര നക്ഷത്രമായി തിളങ്ങി നിൽക്കും. 1918ലായിരുന്നു ആശാത്തിയമ്മയെന്ന പാർവതിയമ്മയുടെ ജനനം. ജന്മശതാബ്ദി ആഘോഷം പൗരാവലി വിപുലമായാണ് ആഘോഷിച്ചത്. 2018ൽ വാകത്താനം പഞ്ചായത്ത് തോട്ടയ്ക്കാട് കക്കാട്ട് പടി -ശിവക്ഷേത്രം റോഡിന് ആശാത്തിയമ്മയുടെ പേര് നൽകി. അതുമാത്രം മതി ആരായിരുന്നു ആശാത്തിയമ്മയെന്നറിയാൻ. പുതുപ്പള്ളി മണ്ഡലത്തിലെ ഏറ്റവും പ്രായംകൂടിയ വോട്ടറായിരുന്നു ഈ 'അക്ഷരമുത്തശി'. സദാ ചിരിച്ചും പ്രാർത്ഥിച്ചും പ്രസാദം തൂവിത്തുളുമ്പുന്ന മുഖഭാവത്തോടെയാണ് അഞ്ച് തലമുറയുടെ സ്‌നേഹ വാത്സല്യം ആശാത്തിയമ്മ ഏറ്റുവാങ്ങിയിരുന്നത്. 7 പതിറ്റാണ്ട് നിലത്തെഴുത്തുകളരി വഴി നാട്ടിലെ കുരുന്നുകൾക്ക് അറിവ് പകർന്നു. പ്രായാധിക്യത്തിന്റെ അവശതകളൊഴിച്ചിൽ മറ്റ് രോഗങ്ങൾക്കൊന്നും തൊടാൻ കഴിഞ്ഞില്ല. നൂറ് പിന്നിട്ടപ്പോൾ ഓരോ പിറന്നാളും ശിഷ്യഗണങ്ങളുടെ ആഘോഷത്തിന്റെ അകമ്പടിയിലായിരുന്നു.
അദ്ധ്യാപന ചരിത്രത്തിൽ പാരമ്പര്യമുള്ള വിലക്കുന്നത്ത് കുടുംബത്തിലെ മാതൃസഹോദരി നാണിയമ്മയാണ് നിലത്തെഴുത്തുകളരി തുടങ്ങിയത്. കാലശേഷം പാർവതിയമ്മ ചുമതലയേറ്റു. അയിത്തം നിലനിന്നിരുന്നു കാലത്ത് പ്രതിഫലം പറ്റാതെ സമൂഹത്തിന് നൽകുന്ന സേവനമായാണ് നിലത്തെഴുത്തു കളരിയെ ആശാത്തിയമ്മ കണ്ടിരുന്നത്. ഓലമേഞ്ഞ മേൽക്കൂരക്ക് കീഴിൽ ചാണകത്തറയിൽ വിരിച്ച പൊടി മണലിലായിരുന്നു അക്ഷര പഠനം. കളരി നിറുത്തിയെങ്കിലും നാശം വരാതെ വീട്ടുകാർ സംരക്ഷിക്കുന്നുണ്ട്. വിജയദശമി ദിനത്തിൽ ആശാത്തിയമ്മയിൽ നിന്ന് ആദ്യക്ഷരം കുറിക്കാൻ മുൻപ് വരെ ആളുകൾ എത്തിയിരുന്നു.