എമ്പുരാന് 17 വെട്ട്, വില്ലൻ കഥാപാത്രത്തിന്റെ പേര് മാറ്റിയത് 18 ഇടത്ത്, റീ എഡിറ്റിൽ ഒഴിവാക്കിയത് ഈ ഭാഗങ്ങൾ
തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങൾക്ക് പിന്നാലെ മോഹൻലാൽ ചിത്രം എമ്പുരാൻ റീ എഡിറ്റ് ചെയ്ത് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയെങ്കിലും പുതിയ പതിപ്പ് ഇന്ന് തിയേറ്ററുകളിൽ എത്തിയില്ല. സാങ്കേതിക കാരണങ്ങളാണ് പുതിയ പതിപ്പ് വൈകുന്നതിന് പിന്നിലെന്നാണ് സൂചന. നിലവിൽ തിയേറ്ററുകളിൽ ചിത്രത്തിന്റെ പ്രദർശനം തുടർച്ചയായി നടക്കുന്നതിനാൽ ഇതിനുള്ള സാവകാശം ഉറപ്പാക്കണം. പുതിയ പതിപ്പ് സെർവറുകളിൽ അപ്‌ലോഡ് ചെയ്യാൻ സമയമെടുക്കും, ഇത് തിയേറ്റർ പ്രദർശനത്തിനായി ഡൗൺലോഡ് ചെയ്യാനും സമയമെടുക്കും. ഇന്ന് രാത്രി കൊണ്ട് ഈ ജോലികൾ പൂർത്തിയാക്കി നാളെയോടെ പുതിയ പതിപ്പ് പ്രദർശനത്തിന് തയ്യാറാകും.
27 ന് റിലീസ് ചെയ്ത എമ്പുരാന്റെ ഒറിജിനൽ പതിപ്പിന് 17 ഇടത്താണ് വെട്ട്. പ്രധാന വില്ലൻ കഥാപാത്രത്തിന്റെ പേര് ബജ്‌രംഗി എന്നത് മാറ്റി ബൽരാജ് എന്നാക്കി. 18 ഇടത്താണ് പേര് മാറ്റി ഡബ്ബ് ചെയ്തത്. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങൾ ഒഴിവാക്കി. എൻ.ഐ.എ ലോഗോ കാണിക്കില്ല. വില്ലൻ കഥാപാത്രം കേന്ദ്ര ആഭ്യന്തര മന്ത്രിയെ വിളിക്കുന്നതായുള്ള സീനും ഒഴിവാക്കി.
ചിത്രത്തിനെതിരെ സംഘപരിവാർ സംഘടനകൾ എത്തിയതിന് പിന്നാലെയാണ് സിനിമയിൽ മാറ്റങ്ങൾ വരുത്തണമെന്നാവശ്യപ്പെട്ട് നിർമ്മാതാക്കൾ തന്നെ സെൻസർ ബോർഡിനെ സമീപിച്ചത്. ഇതേത്തുടർന്ന് അവധി ദിവസമായ ഞായറാഴ്ച തന്നെ റീ സെൻസറിംഗ് ജോലികൾ പൂർത്തിയാക്കുകയായിരുന്നു. അതേസമയം റീ എഡിറ്റഡ് പതിപ്പിന് മുമ്പ് ചിത്രം കാണാനുള്ള ജനത്തിരക്ക് ഇന്നും തുടർന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മന്ത്രി സജി ചെറിയാനും ഇന്ന് ചിത്രം കാണാനെത്തിയിരുന്നു.