പൊലീസുകാരന്റെ മകളെ പീഡിപ്പിച്ച് കൊന്നതാര് ? സി.ബി.ഐക്കും ഉത്തരമില്ല
13കാരി മരണപ്പെട്ടിട്ട് ഇന്ന് രണ്ടു വർഷം
തിരുവനന്തപുരം: തലസ്ഥാനത്തെ പൊലീസ് ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന പെൺകുട്ടിയുടെ മരണത്തിലെ ദുരൂഹത കണ്ടെത്താൻ കഴിയാതെ സി.ബി.ഐയും. അച്ഛനമ്മാർക്കൊപ്പം താമസിച്ചിരുന്ന 13കാരി മരണപ്പെട്ടിട്ട് ഇന്ന് രണ്ടുവർഷം തികയും. പൊലീസുകാരന്റെ 13കാരിയായ ഏക മകൾ മരിക്കുന്നതിനു മുൻപ് ക്രൂരമായ പീഡനത്തിന് വിധേയയായിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ആദ്യം ജില്ലാ ക്രൈംബ്രാഞ്ചായിരുന്നു അന്വേഷിച്ചത്. അന്വേഷണം ഒരിഞ്ചുപോലും നീങ്ങാതായതോടെ മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി.തുടർന്ന് കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. എന്നിട്ടും പുരോഗതിയുണ്ടാകാതെ വന്നതോടെ പെൺകുട്ടിയുടെ അമ്മ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് സി.ബി.ഐ കേസെടുത്തത്.
പ്രതി പൊലീസ് ക്വാർട്ടേഴ്‌സിലെ തന്നെ താമസക്കാരിൽ ആരെങ്കിലുമാണോ അതോ പുറത്തുനിന്നുള്ള വ്യക്തിയാണോ എന്നതിൽ പോലും വ്യക്തത വന്നിട്ടില്ല. അന്വേഷണ പുരോഗതിയെക്കുറിച്ച് പരാതിക്കാരിക്ക് യാതൊരു വിവരവും സി.ബി.ഐ നൽകിയിട്ടില്ല. പൊലീസ് സേനയിലെ ഒരംഗത്തിന്റെ മകൾക്കുണ്ടായ പീഡന മരണത്തിന്റെ ദുരൂഹത നീക്കാൻ പൊലീസിനും സി.ബി.ഐക്കും കഴിയുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
മരണകാരണം മസ്തിഷ്ക രക്തസ്രാവം
കോട്ടൺഹിൽ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന പെൺകുട്ടിയെ 2023 മാർച്ച് 30നാണ് ക്വാർട്ടേഴ്‌സിൽ അബോധാവസ്ഥയിൽ കണ്ടത്. അമ്മ വൈകിട്ട് ആറരയോടെ സായാഹ്ന നടത്തം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ ചവിട്ടിപ്പൊളിച്ച് നോക്കുമ്പോഴാണ് പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.ഉടൻ ജനറൽ ആശുപത്രിയിലും പിന്നാലെ മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തിച്ചു. സ്‌തിഷ്ക രക്തസ്രാവം സ്ഥിരീകരിച്ച പെൺകുട്ടി ഏപ്രിൽ 1നാണ് മരിച്ചത്.
ഞെട്ടിപ്പിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
മരിക്കുന്നതിന് വളരെനാൾ മുമ്പുതന്നെ പെൺകുട്ടി പലവട്ടം പീഡനത്തിന് വിധേയയായിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ്. പ്രകൃതിവിരുദ്ധ പീഡനമടക്കം നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടിലുള്ളത്.
സ്‌കൂളിലെ മിടുക്കി
ക്ലാസ് ലീഡറായിരുന്ന പെൺകുട്ടി പഠനത്തിലും നൃത്തത്തിലുമെല്ലാം മുന്നിലായിരുന്നു. സഹപാഠികൾക്കും അദ്ധ്യാപകർക്കും നല്ല അഭിപ്രായം. പൊലീസിന്റെ വാഹനത്തിൽ സ്‌കൂളിലെത്തി, അതേ വാഹനത്തിൽ മടങ്ങിപ്പോകും. എട്ടാംക്ലാസിലെ വർഷാവസാന പരീക്ഷ കഴിഞ്ഞെത്തിയ ദിവസമാണ് ദുരന്തമുണ്ടായത്.
പ്രതിയെ കണ്ടെത്താൻ അലംഭാവം
പെൺകുട്ടിയുടെ അസ്വാഭാവിക മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിലെത്തിക്കാൻ പൊലീസിനും സി.ബി.ഐക്കും കഴിയാത്തത് ദുരൂഹമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.