നെല്ലിന്റെ ഗുണനിലവാര പരിശോധനയിൽ ആക്ഷേപം
ആലപ്പുഴ: കിഴിവും നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് മില്ലുകാരും പാടശേഖരസമിതികളും തമ്മിൽ തർക്കം തുടരുന്നതിനിടെ സപ്ളൈകോ പാഡി മാർക്കറ്റിംഗ് വിഭാഗത്തിന്റെ ഗുണനിലവാര പരിശോധനയ്ക്കെതിരെ ഗുരുതര ആക്ഷേപവുമായി കർഷകർ രംഗത്തെത്തി.
കഴിഞ്ഞ ദിവസം വെളിയനാട് കൃഷിഭവൻ പരിധിയിലെ തൈപ്പറമ്പ് പാടശേഖരത്തിലെ ഗുണനിലവാര പരിശോധനയാണ് തർക്കത്തിനാധാരമായത്. നെല്ലിന്റെ ഗുണനിലവാരപരിശോധനയ്ക്ക് ആറ് ഘടകങ്ങൾ മാനദണ്ഡമാകുമ്പോൾ വിളവിന്റെ ന്യൂനതകൾ മാത്രം പരിഗണിക്കുകയും അരിവീഴ്ചയുൾപ്പെടെയുള്ള ഘടകങ്ങൾ അവഗണിക്കുകയും ചെയ്യുന്നതാണ് പരിശോധനയിലെ പിഴവായി കർഷകർ ചൂണ്ടിക്കാട്ടുന്നത്. ഗുണനിലവാരമുള്ള നെല്ലിന്റെ തോതുൾപ്പെടെ ഏഴ് ഘടകങ്ങളാണ് ഗുണനിലവാര പരിശോധനയ്ക്കായി പരിഗണിക്കപ്പെടേണ്ടത്. ജൈവം, അജൈവം, കേടായത്/ മുളച്ചത്/ കീടബാധയേറ്റത്, നിറം മാറിയത്, പാകമാകാത്തതുംചുരുങ്ങിയതും, താഴ്ന്ന ഇനങ്ങളുടെ കലർപ്പുകൾ, ഈർപ്പം എന്നിങ്ങനെ ന്യൂനതകൾ സൂചിപ്പിക്കാനുള്ള ഏഴ് കോളങ്ങളും പരിശോധനയിലുൾപ്പെടുത്തിയിട്ടുണ്ടെങ്കിലും നെല്ലിന്റെ നിലവാരമെത്രയെന്ന് സൂചിപ്പിക്കാൻ സംവിധാനമില്ലാത്തതുൾപ്പെടെയാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്.
. മില്ലുകാരെ സഹായിക്കാനുള്ള പരിശോധനയാണിതെന്നാണ് കർഷകരുടെ ആക്ഷേപം. ഇതിനെതിരെ കളക്ടർക്ക് പരാതി നൽകാനാണ് പാടശേഖര സമിതികളുടെ തീരുമാനം. ഗുണനിലവാര പരിശോധനയുൾപ്പെടെ ആക്ഷേപങ്ങൾക്കിടയായിരിക്കെ കുട്ടനാട്ടിലെ പല പാടങ്ങളിലും ഇപ്പോഴും കിഴിവ് തർക്കത്തെച്ചൊല്ലി സംഭരണംമുടങ്ങിയിട്ടുണ്ട്. നീലമ്പേരൂർ കൃഷിഭവൻ പരിധിയിലെ ഐ ബ്ലോക്കിൽ 3500 കായൽ പാടത്തും കാവാലം മണിയങ്കരി പാടത്തും കഴിഞ്ഞ മൂന്നുദിവസങ്ങളിലായി നെല്ല് പാടത്ത് തന്നെ കൂട്ടിയിട്ടിരിക്കുകയാണ്.
വെളിയനാട് തൈപ്പറമ്പ് പാടശേഖരത്തിൽ തർക്കം "കേടായത് മുളച്ചത്" എന്ന ഹെഡിൽ 4ശതമാനം വരെയാകാം എന്നുള്ളിടത്ത് 5.8ശതമാനം ആണ് രേഖപ്പെടുത്തിയത്
അതിന്റെ തൊട്ടു താഴെ "നിറം മാറിയത്" 1ശതമാനം എന്നുണ്ട് അതിൽ ഒന്നും തന്നെ പരിഗണിച്ചിട്ടില്ല
"പാകമാകാത്തതും ചുരുങ്ങിയതും" 3 ശതമാനം വരെ ആകാം എന്നുള്ളിടത്ത് 4.6ശതമാനം ആണ് രേഖപ്പെടുത്തിയത്
"താഴ്ന്ന ഇനങ്ങളുടെ കലർപ്പുകൾ" എന്നുള്ള ഹെഡിൽ 6ശതമാനം വരെ ആകാം എന്നുള്ളിടത്ത് ഒന്നും തന്നെ കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ട്
ഈർപ്പത്തിന്റെ കാര്യത്തിൽ17ശതമാനം വരെ എന്നത് 17.6ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്
ജൈവം അജൈവം എന്നീ ഘടകങ്ങളിൽ ഓരോരോ ശതമാനം ആകാമെന്നിരിക്കെ 0.02ശതമാനം, 0.03ശതമാനം എന്നിങ്ങനെ രേഖപ്പെടുത്തി
ആലപ്പുഴ പി.എം.ഒയും, രാമങ്കരി എ.ഡി.എയും ചേർന്ന ഗുണനിലവാരം പരിശോധിച്ച ഇവിടെ മൂന്നര കിലോ കിഴിവാണ് ആവശ്യപ്പെട്ടത്
പുഞ്ചകൃഷി നെല്ല് സംഭരണം (ഇതുവരെ)
53229.42 മെട്രിക് ടൺ
ഗുണനിലവാര ഘടകങ്ങൾ കൃത്യമായി രേഖപ്പെടുത്താത്ത പരിശോധനാഫലം അംഗീകരിക്കാൻ കഴിയില്ല. മില്ലുകളെ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ഇതിനെതിരെ കളക്ടർക്ക് പരാതി നൽകും
- സോണിച്ചൻ പുളിങ്കുന്ന്, നെൽകർഷക സംരക്ഷണ സമിതി