വാടക്കനാലിന്റെ വടക്കേക്കരയിൽ പൈലിംഗ് ഇന്ന് മുതൽ

Tuesday 01 April 2025 12:25 AM IST

ഗതാഗതം ഔട്ട് പോസ്റ്റിലെ ബണ്ട് റോഡ് വഴി

ആലപ്പുഴ : കോടതിപ്പാലം നവീകരണത്തിന്റെ ഭാഗമായി വാടക്കനാലിന്റെ വടക്കേക്കരയിലെ റോഡിൽ പൈലിംഗ് ഇന്ന്ആരംഭിക്കും. പൈലിംഗിന് മുന്നോടിയായി ഇതുവഴിയുള്ള ഗതാഗതം ഇന്ന് മുതൽ ഔട്ട് പോസ്റ്റിന് സമീപത്തെ താൽക്കാലിക ബണ്ട് റോഡ് വഴി തിരിച്ചുവിടും. പുന്നമട, മിനി സിവിൽ സ്റ്റേഷൻ ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് ഇരുവശത്തേക്കും താത്കാലിക റോഡിലൂടെ യാത്ര ചെയ്യാം.

കനാലിന്റെ വടക്കേക്കരയിൽ പതിനഞ്ച് പൈലുകളാണ് വേണ്ടത്. പുതിയ പാലത്തിനായി പതിനഞ്ച് പൈലുകളും സ്ഥാപിക്കണം. ആകെ മുപ്പത് പൈലുകൾക്കായി ഒന്നരമാസം സമയമാണ് കെ.ആർ.എഫ്.ബി കണക്കുകൂട്ടുന്നത്. മുപ്പത് പൈലുകളുടെയും കോൺക്രീറ്റ് പൂർത്തിയായാൽ നിലവിലെ പാലം പൊളിക്കും. അപ്പോഴേക്കും കൈചൂണ്ടി, വൈ.എം.സി.എ എന്നിവിടങ്ങളിലെ ഹൈ മാസ്റ്റ് ലൈറ്റുകൾ നീക്കി ഗതാഗതം അതുവഴി വഴി തിരിച്ചുവിടുന്നതിനുള്ള ട്രയൽ റണും പൂർത്തിയാക്കും. നിലവിൽ വ്യാപാരികൾ നൽകിയിരിക്കുന്ന കേസ് മദ്ധ്യവേനലവധിക്ക് മുമ്പ് ഹൈക്കോടതി തീർപ്പാക്കിയാൽ തൊട്ടുപിന്നാലെ തെക്കേക്കരയിലും പൈലിംഗ് ആരംഭിക്കാനും നിർമ്മാണം വേഗത്തിലാക്കാനും കഴിയുമെന്നാണ് കരാർ‌ കമ്പനിയുടെ പ്രതീക്ഷ. ഇതിനായി ഒരു റിഗ് കൂടി എത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.