വരും മാസങ്ങളിൽ വേനൽ ചുട്ടുപൊള്ളും,​ താപനില സാധാരണയിലും ഉയരുമെന്ന് മുന്നറിയിപ്പ്

Monday 31 March 2025 11:29 PM IST

ന്യൂഡൽഹി: ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ രാജ്യത്ത് പ്രതിദിന താപനില സാധാരണയിലും ഉയരുമെന്ന് മുന്നറിയിപ്പ്. ഇക്കാലയളവിൽ ഉഷ്ണതരംഗ ദിനങ്ങൾ വർദ്ധിക്കുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു. മദ്ധ്യ,​ കിഴക്കൻ ഇന്ത്യൻ പ്രദേശങ്ങളിലും വടക്കു പടിഞ്ഞാറൻ സമതലങ്ങളിലുമാണ് ഉഷ്ണതരംഗ സാദ്ധ്യതയുള്ളത്. അതേസമയം രാജ്യത്തിന്റെ പലഭാഗങ്ങളിലും കടുത്ത ചൂടനുഭവപ്പെടും. പടിഞ്ഞാറൻ ,​ കിഴക്കൻ പ്രദേശങ്ങളിൽ സാധാരണ നിലയെക്കാൾ താപനില ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള സാധാരണയായി ഏഴോളം ഉഷ്ണതരംഗ ദിനങ്ങളാണ് രേഖപ്പെടുത്താറുള്ളത്. എന്നാൽ ഇത്തവണ രണ്ടുമുതൽ നാലു വരെ അധിക ഉഷ്ണ തരംഗ ദിനങ്ങൾ ഉണ്ടായേക്കും. വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ വേനൽക്കാലത്ത് ഇരട്ടി ഉഷ്ണതരംഗ ദിനങ്ങൾ നേരിടേണ്ടി വന്നേക്കാം എന്നും റിപ്പോ‌ർട്ടുണ്ട്. ആറോളം ഉഷ്ണ തരംഗ ദിനങ്ങളാണ് സാധാരണ ഉണ്ടാകാറുള്ളത്.

രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ, ഛത്തീസ്ഗഢ്, തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലും കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെ വടക്കൻ ഭാഗങ്ങളിലെ പ്രദേശങ്ങളിലും സാധാരണയിൽ കൂടുതൽ ചൂട് അനുഭവപ്പെടാൻ സാദ്ധ്യതയുള്ള മേഖലകളാണ് എന്നും മുന്നറിയിപ്പിൽ പറയുന്നു. ഏപ്രിൽ മാസത്തിൽ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും സാധാരണയേക്കാൾ ഉയർന്ന താപനില അനുഭവപ്പെടാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.