ചെറിയ പെരുന്നാൾ ആഘോഷിച്ച് വിശ്വാസികൾ

Tuesday 01 April 2025 1:29 AM IST

മാന്നാർ: റംസാൻ വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ച് ഇസ്ലാംമത വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു. റംസാൻ 29 പൂർത്തിയാക്കിയാണ് ചെറിയ പെരുന്നാൾ സുദിനം കടന്നുവന്നത്. പുണ്യ റംസാനിൽ നൻമകളാൽ സ്ഫുടം ചെയ്തെടുത്ത മനസുമായി പുതുവസ്ത്രങ്ങളണിഞ്ഞ് പെരുന്നാൾ നിസ്കാരത്തിനെത്തിയ വിശ്വാസികളാൽ അതിരാവിലെ തന്നെ മസ്ജിദുകൾ നിറഞ്ഞു.

പെരുന്നാൾ ഖുതുബയിൽ ഉദ്ബോധനം നടത്തിയ ഇമാമുമാർ സമൂഹത്തെ കാർന്നു തിന്നുന്ന ലഹരികളിൽ നിന്നും വിശ്വാസികൾ മാറി നിൽക്കുവാൻ ആഹ്വാനം ചെയ്തു. മധുര വിതരണം നടത്തിയും പരസ്പരം ആശ്ലേഷിച്ചും സന്തോഷം പങ്കു വെച്ചുമാണ് പെരുന്നാൾ നിസ്കാര ശേഷം വിശ്വാസികൾ മടങ്ങിയത്. മാന്നാർ പുത്തൻപള്ളി ജുമാ മസ്ജിദിൽ കൗൺസിൽ ചെയർമാൻ ഹാജി ഇഖ്ബാൽ കുഞ്ഞ്, ജമാഅത്ത് പ്രസിഡന്റ് റഷീദ് പടിപ്പുരക്കൽ എന്നിവർ ഈദ് സന്ദേശം നൽകി. ചീഫ് ഇമാം കെ.സഹലബത്ത് ദാരിമി പെരുന്നാൾ നിസ്കാരത്തിനും ഖുതുബയ്ക്കും നേതൃത്വം നൽകി. കുരട്ടിക്കാട് ജുമാ മസ്ജിദിൽ ഇമാം നിസാമുദ്ദീൻ നഈമിയും ഇരമത്തൂർ ജുമാമസ്ജിദിൽ ഡോ.മുഹമ്മദ് ജാബിർ അഹ്സനിയും പാവുക്കര ജുമാമസ്ജിദിൽ ചീഫ് ഇമാം നൗഫൽ ഫാളിലിയും മാന്നാർ സലഫി മസ്ജിദിൽ കോഴിക്കോട് അബ്ദുൽ മജീദ് മൗലവിയും കൊല്ലകടവ് ജുമാ മസ്ജിദിൽ ചീഫ് ഇമാം മുഹമ്മദ് റഫീഖ് മിസ്ബാഹി അൽഖാസിമിയും പെരുന്നാൾ നിസ്കാരത്തിനും ഖുത്തുബയ്ക്കും നേതൃത്വം നൽകി.

കേരള നദുവത്തുൽ മുജാഹിദ്ദീന്റെ നേതൃത്വത്തിൽ ആലപ്പുഴ നഗരസഭാ ടൗൺ ഹാൾ കോമ്പൗണ്ടിലും ടൗൺ ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ ബീച്ചിലും പെരുന്നാൾ നമസ്കാരചടങ്ങുകൾ നടന്നു. ആലപ്പുഴയുൾപ്പെടെ വിവിധ ബീച്ചുകളിലും പെരുന്നാളാഘോഷവുമായി ബന്ധപ്പെട്ട് വലിയ തിരക്കാണ് അനുഭവപ്പെട്ടത്.