കെ.എസ്.ആർ.ടി.സി അവധിക്കാല ട്രിപ്പുകൾ ഇന്നു മുതൽ
ആലപ്പുഴ: വേനലവധി ആരംഭിച്ചതോടെ ഇന്ന് മുതൽ കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസം സെൽ (ബി.ടി.സി) ക്രമീകരിക്കുന്ന ടൂർ പാക്കേജുകൾക്ക് തുടക്കമാകും. ജില്ലയിലെ ഏഴ് ഡിപ്പോകളിൽ നിന്നും ഈ മാസം 30 വരെ 123 യാത്രകളാണ് ക്രമീകരിച്ചിരിക്കുന്നത്. വേനൽച്ചൂട് കനക്കുന്നതിനാൽ മൂന്നാർ, വയനാട്, വാഗമൺ, ഗവി എന്നിവിടങ്ങളാണ് പ്രധാന പോയിന്റുകൾ. തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള ടൂർ പാക്കേജുകളുമുണ്ട്. ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ എക്സ്പ്രസ്, സൂപ്പർ ഡീലക്സ് ബസ്സുകളാണ് യാത്രകൾക്കായി ഓടുക. ബി.ടി.സിയുടെ അഞ്ച് മണിക്കൂർ നെഫർറ്റി ആഡംബര കപ്പൽ യാത്രയും അവധിക്കാലത്തെ പ്രധാന ആകർഷണങ്ങളിലൊന്നാവും.
ട്രിപ്പ് മറുനാട്ടിലേക്കും
ഇത്രയും നാൾ കേരളത്തിനകത്ത് ഒതുങ്ങുന്ന യാത്രകളാണ് ആനവണ്ടിയിലെ ടൂറിസം സെല്ല് ഒരുക്കിയിരുന്നതെങ്കിൽ ഇനി യാത്ര കേരള അതിർത്തിയും കടക്കും. ഊട്ടി, മൈസൂരു, ധനുഷ്കോടി, കൊടൈക്കനാൽ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും യാത്രാദൈർഘ്യം കൂട്ടാനാണ് പദ്ധതി. ഇതിനായി കർണാടക, തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുമായി ചർച്ച ആരംഭിച്ചു. ഐ.ആർ.ടി.സിയുമായി സഹകരിച്ച് ആൾ ഇന്ത്യാ ടൂർ പാക്കേജ് ഒരുക്കുന്നതിനുള്ള നടപടികളും പുരോഗതിയിലാണ്.
വിഷു - ഈസ്റ്റർ ബുക്കിംഗ് ആരംഭിച്ചു
ആഘോഷദിനങ്ങളിലേക്കുള്ള അന്തർസംസ്ഥാന സ്പെഷ്യൽ സർവീസുകളുടെ ബുക്കിംഗ് കെ.എസ്.ആർ.ടി.സി ആരംഭിച്ചു. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഈ മാസം 8 മുതൽ 22 വരെ പ്രത്യേക അധിക സർവ്വീസുകൾ നടത്തും. വിവിധ യൂണിറ്റുകളിൽ നിന്ന് ബംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സർവീസുകൾ ലഭ്യമാണ്.
വിവരങ്ങൾക്ക് ബഡ്ജറ്റ് ടൂറിസം സെൽ ജില്ലാ കോർഡിനേറ്റർ - 9846475874