പാർട്ടി കോൺഗ്രസ്: ഭേദഗതികൾ പരിഗണിക്കാൻ ഇന്ന് സി.പി.എം കേന്ദ്രകമ്മിറ്റി

Tuesday 01 April 2025 1:31 AM IST

ന്യൂഡൽഹി: നാളെ തുടങ്ങുന്ന 24-ാം പാർട്ടി കോൺഗ്രസിൽ ചർച്ച ചെയ്യാനുള്ള കരട് രാഷ്‌ട്രീയ പ്രമേയം, രാഷ്ട്രീയ അവലോകന റിപ്പോർട്ട് എന്നിവയിലുള്ള ഭേദഗതികൾ പരിശോധിക്കാൻ സി.പി.എം കേന്ദ്ര കമ്മിറ്റി ഇന്ന് വൈകിട്ട് മധുരയിൽ ചേരും. പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ദീപശിഖാ യാത്രകൾ ഇന്ന് മധുരയിൽ എത്തിച്ചേരും. തമുക്കം മൈതാനത്ത് ഏപ്രിൽ രണ്ട് മുതൽ ആറു വരെയാണ് പാർട്ടി കോൺഗ്രസ്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കോ-ഓർഡിനേറ്ററും പൊളിറ്റ്ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട് ഡൽഹിയിൽ പ്രകാശനം ചെയ്‌ത കരട് രാഷ്‌ട്രീയ പ്രമേയത്തിൻമേൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭേദഗതികളാണ് കേന്ദ്ര കമ്മിറ്റി പരിശോധിക്കുക. കേരളത്തിൽ ബി.ജെ.പിയെ നേരിടുന്നതിൽ രാഷ്‌ട്രീയമായും പ്രത്യയശാസ്‌ത്രപരമായും സി.പി.എം ദുർബലമായെന്നും അടിസ്ഥാന വർഗങ്ങൾക്കിടയിൽ പാർട്ടി അടിത്തറ വളർന്നില്ലെന്നും കരടിൽ ചൂണ്ടിക്കാട്ടിയിരുന്നു. കോൺഗ്രസുമായി മതേതര മുന്നണിയിലെ കൂട്ടുകെട്ടല്ലാതെ തിരഞ്ഞെടുപ്പ് ധാരണ പാടില്ലെന്ന രാഷ്ട്രീയ ലൈൻ തുടരാനാണ് കരട് നിർദ്ദേശം. ഡൽഹിയിൽ നിന്നുള്ള കേന്ദ്ര നേതാക്കൾ ഉച്ചയോടെയും കേരളത്തിൽ നിന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ അടക്കം നേതാക്കൾ വൈകുന്നേരത്തോടെയും മധുരയിലെത്തും.

സേലം ജയിൽ രക്തസാക്ഷികൾ, കോയമ്പത്തൂർ ചിന്നയ്യം പാളയം രക്തസാക്ഷികൾ, സോമുസുന്ദരം -സെംബുലിംഗം, ശിങ്കാരവേലു, മധുരയിലെ രക്തസാക്ഷികൾ എന്നിവരുടെ സ്‌മൃതിമണ്ഡപങ്ങളിൽ നിന്നുള്ള ദീപശിഖകൾ സന്ധ്യക്ക്‌ തമുക്കം മൈതാനത്ത്‌ സംഗമിക്കും. സേലം ജയിൽ രക്ഷസാക്ഷികളിൽ 75 വർഷം മുമ്പ്‌ വെടിയേറ്റ്‌ മരിച്ച 15 മലയാളി കർഷക നേതാക്കളുമുണ്ട്.കേന്ദ്ര കമ്മിറ്റി അംഗം യു വാസുകിയുടെ നേതൃത്വത്തിൽ കീഴ്‌വെൺമണി രക്തസാക്ഷി സ്‌മൃതിമണ്ഡപത്തിൽ നിന്നു വരുന്ന പതാക നാളെ രാവിലെ സമ്മേളനനഗരിയിൽ കൺട്രോൾ കമീഷൻ ചെയർമാൻ എ.കെ പത്മനാഭൻ ഏറ്റുവാങ്ങും. നാളെ രാവിലെ എട്ടിന്‌ ബുദ്ധദേബ്‌ ഭട്ടാചാര്യ കവാടത്തിൽ മുതിർന്ന നേതാവ്‌ ബിമൻ ബസു പതാക ഉയർത്തും.നാളെ 10.30ന്‌ കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക ഹാളിൽ പൊളിറ്റ്‌ബ്യൂറോ കോ -ഓഡിനേറ്റർ പ്രകാശ്‌ കാരാട്ട്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. പി.ബി അംഗം മണിക്‌ സർക്കാർ അദ്ധ്യക്ഷനാകും.

 ദീപശിഖ, പതാക ജാഥകൾക്ക് ആവേശ തുടക്കം സിപിഎം 24-മത് പാർട്ടി കോൺഗ്രസിന് മുന്നോടിയായി ദീപശിഖ, പാതക ജാഥകൾക്ക് ആവേശത്തുടക്കം. ഇന്ത്യയിലാദ്യമായി മേയ് ദിനാചരണത്തിന് നേതൃത്വം നൽകിയ ശിങ്കാരവേലുവിന്റെ നോർത്ത് ചെന്നൈയിലെ സ്മൃതികുടീരത്തിൽനിന്ന് ആദ്യ ദീപശിഖ മുതിർന്ന നേതാവ് ടി കെ രംഗരാജൻ, ബാലഭാരതിക്ക് കൈമാറി.

75 വർഷം മുമ്പ് സേലം ജയിലിൽ വെടിയേറ്റ് രക്തസാക്ഷികളായ കേരളത്തിൽ നിന്നുള്ള 15 കർഷക നേതാക്കളുടെ ഓർമ്മകളുമായാണ് ഒരു ദീപശിഖ എത്തുക. കോയമ്പത്തൂർ ചിന്നയംപാളയത്ത് 79 വർഷം മുമ്പ്, 1948 ജനുവരി എട്ടിന് പൊലീസ് വെടിവച്ചു കൊന്ന രാമയ്യൻ, രംഗണ്ണൻ, വെങ്കടാചലം, ചിന്നയ്യൻ എന്നീ രക്തസാക്ഷികളുടെ ഓർമകളുമായാണ് മറ്റൊരു ദീപശിഖ. ജാതി വെറിക്കെതിരെ പോരാടിയതിന് 1981 മാർച്ച് 31ന് ജീവൻ സമർപ്പിക്കേണ്ടിവന്ന മധുര ത്യാഗരാജർ എൻജിനിയറിങ് കോളേജിലെ എസ്എഫ്‌ഐ വിദ്യാർഥികളായ സോമസുന്ദരം, സെംബുലിംഗം എന്നിവരുടെ സ്മാരകത്തിൽ നിന്ന് നാലാമത്തെയും മധുരയിലെ രക്തസാക്ഷികളുടെ കുടീരത്തിൽ നിന്ന് അഞ്ചാമത്തെയും ദീപശിഖയെത്തും. കീഴ്‌വെൺമണി രക്തസാക്ഷികളുടെ സ്മൃതിമണ്ഡപത്തിൽ വച്ച് പതാക പൊളിറ്റ്ബ്യൂറോ അംഗം ജി രാമകൃഷ്ണൻ കേന്ദ്ര കമ്മിറ്റി അംഗം യു.വാസുകിക്ക് കൈമാറി.

സമ്മേളനനഗരിയിൽ രണ്ടിന് രാവിലെ കൺട്രോൾ കമ്മിഷൻ ചെയർമാൻ എ.കെ.പത്മനാഭൻ പതാക ഏറ്റുവാങ്ങും. ജാഥകൾ ചൊവ്വാഴ്ച വൈകിട്ട് മധുരയിലെ സീതാറാം യെച്ചൂരി നഗറിൽ (തമുക്കം ഗ്രൗണ്ട്) സംഗമിക്കും.