പാർട്ടി കോൺഗ്രസിന് കൊഴുപ്പേകാൻ സാംസ്കാരിക പരിപാടികളും
തിരുവനന്തപുരം:ചരിത്രനഗരമായ മധുരയിൽ നാളെ മുതൽ ആറുവരെ നടക്കുന്ന 24ാമത് സി.പി.എം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് രാജ്യത്തിന്റെ സാംസ്കാരിക വൈവിദ്ധ്യം വിളംബരം ചെയ്യുന്ന വിവിധ പരിപാടികളും അരങ്ങേറും.കലാപരിപാടികൾക്കൊപ്പം ചരിത്ര പ്രദർശനവും പുസ്തകമേളയും ക്രമീകരിച്ചിട്ടുണ്ട്.
ഏപ്രിൽ രണ്ടിന് വൈകിട്ട് കെ.പി.ജാനകിയമ്മാൾ സ്മാരക വേദിയിലാണ് സാംസ്കാരിക സംഗമത്തിൽ തമിഴ് പണ്ഡിതൻ സോളമൻ പാപ്പയ്യ,സംവിധായകരായ രാജുമുരുഗൻ,ശശികുമാർ തുടങ്ങിയവർ പങ്കെടുക്കും.ദിണ്ടിഗൽ ശക്തിസാംസ്കാരിക കേന്ദ്രമാണ് കലാപരിപാടികൾ അവതരിപ്പിക്കുക.തുടർന്നുള്ള രണ്ട് ദിവസങ്ങളിലെ സാംസ്കാരിക പരിപാടികളിൽ നടൻ പ്രകാശ് രാജ്,മാരി സെൽവ രാജ്, ടി.എസ്.ജഞാനവേൽ,വിജയ്സേതുപതി,സമുദ്രക്കനി,വെട്രിമാരൻ തുടങ്ങിയവരുടെ സാന്നിദ്ധ്യമുണ്ടാവും.നാടൻപാട്ടുകൾ,ശിങ്കാരിമേളം,നാടകം,സംഗീത നാടകങ്ങൾ,നൃത്തരൂപങ്ങൾ തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങിലെത്തും.കേരള മാപ്പിള മുസ്ലീം വനിതാ സാംസ്കാരിക സംഘം,ചെന്നൈ സാംസ്കാരിക സംഘം,കർണാടക സംസ്ഥാന ദൊല്ലു കുനിത വനിതാ സാംസ്കാരിക സംഘം,സിതാൻ ജയമൂർത്തി,പുതുഗൈ ഭൂപാലം സാംസ്കാരിക സംഘം,കുമാരി മുരസു സാംസ്കാരിക സംഘം,കോംമ്രേഡ് ഗാംഗ്സ്റ്റാ മ്യൂസിക്കൽ ട്രൂപ്പ് തുടങ്ങിയ സംഘങ്ങളാണ് കലാപരിപാടികളുടെ അവതാരകർ.