എം.ഡി.എം.എ മൊത്ത വില്പന, നൈജീരിയക്കാരനെ കുരുക്കി
ന്യൂഡൽഹി: രാജ്യത്തേക്ക് എം.ഡി.എം.എ എത്തിച്ചിരുന്ന മൊത്തവിതരണക്കാരനായ നൈജീരിയക്കാരനെ ഇരവിപുരം പൊലീസ് ന്യൂഡൽഹിയിൽ അതിസാഹസികമായി പിടികൂടി. കേരളത്തിലലടക്കം ലഹരി എത്തിച്ചിരുന്ന അഗ്ബെദോ സോളമനാണ് (29) അറസ്റ്റിലായത്. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഘത്തിൽ കൂടുതൽ പേരുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
കഴിഞ്ഞ 27 നാണ് നൈജീരിയൻ സ്വദേശികൾ കൂടുതലായി താമസിക്കുന്ന ഡൽഹിയിലെ ഉത്തംനഗർ ഹസ്തൽ വില്ലേജിൽ നിന്ന് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ 17ന് ഡൽഹിയിൽ നിന്നെത്തിച്ച നാല് ലക്ഷം വിലവരുന്ന 90 ഗ്രാം എം.ഡി.എം.എയുമായി ഉമയനല്ലൂർ വടക്കുംകര റിജി നിവാസിൽ എ. ഷിജുവിനെ (34) മാടൻനടയിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്നാണ് അഗ്ബെദോ സോളമനെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്.
തുടർന്ന് സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണന്റെ നിർദ്ദേശപ്രകാരം ഇരവിപുരം എസ്.എച്ച്.ഒ രാജീവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം 25ന് ഡൽഹിയിലെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ ഇന്നലെ ഇരവിപുരം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. സി.പി.ഒമാരായ സുമേഷ്, ഷാൻ അലി, സജിൻ, സുമേഷ്, എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.