നിധി തിവാരി പ്രധാനമന്ത്രിയുടെ പഴ്‌സണൽ സെക്രട്ടറി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേഴ്‌സണൽ സെക്രട്ടറിയായി യുവ ഐ.എഫ്.എസ് ഉദ്യോഗസ്ഥ നിധി തിവാരിയെ നിയമിച്ചു. നിലവിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ ഡെപ്യൂട്ടി സെക്രട്ടറിയാണ് 2014 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥയായ നിധി.
വാരാണസിയിലെ മഹ്മൂർഗഞ്ച് സ്വദേശിയായ നിധി പ്രധാനമന്ത്രിയുടെ ഓഫീസിൽ മൂന്ന് വർഷത്തിലേറെയായി ജോലി ചെയ്യുന്നു. 2022 നവംബറിൽ അണ്ടർ സെക്രട്ടറിയായാണ് എത്തിയത്. 2023 ജനുവരിയിൽ ഡെപ്യൂട്ടി സെക്രട്ടറിയായി. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലിന്റെ കീഴിൽ വിദേശകാര്യ മന്ത്രാലയത്തിലെ നിരായുധീകരണ, അന്താരാഷ്ട്ര സുരക്ഷാകാര്യ വിഭാഗത്തിലും പ്രവർത്തിച്ചിട്ടുണ്ട്.
2013ലെ സിവിൽ പരീക്ഷയിൽ 96-ാം റാങ്കു നേടി. അതിന് മുൻപ് വാരണാസിയിൽ അസിസ്റ്റന്റ് കമ്മിഷണറായും (കൊമേഴ്‌സ്യൽ ടാക്സ്) പ്രവർത്തിച്ചു. പ്രധാനമന്ത്രിയുടെ പരിപാടികൾ ഏകോപിപ്പിക്കുക, യോഗങ്ങൾ സംഘടിപ്പിക്കുക, സർക്കാർ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുക എന്നിവയാണ് ചുമതല. രണ്ടു ലക്ഷത്തോളം രൂപയാണ് മാസ ശമ്പളം.