വഖഫ് ബിൽ നാളെ?
ന്യൂഡൽഹി: സ്റ്റാന്റിംഗ് കമ്മിറ്റി ഭേദഗതിക്ക് വിട്ട വഖഫ് ബോർഡ് ബിൽ പാർലമെന്റിന്റെ ബഡ്‌ജറ്റ് സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കാൻ നീക്കം. നാളെ ലോക്‌സഭയിൽ ബിൽ അവതരിപ്പിക്കുമെന്നാണ് സൂചന.
റംസാൻ അവധിക്ക് ശേഷം ബഡ്‌ജറ്റ് സമ്മേളനം ഇന്ന് പുന:രാരംഭിക്കുമെങ്കിലും അജൻഡയിൽ വഖഫ് ബിൽ ഉൾപ്പെടുത്തിയിട്ടില്ല. വേണമെങ്കിൽ സപ്‌ളിമെന്ററിയായി അവതരിപ്പിക്കാമെങ്കിലും ബുധനാഴ്‌ചയുണ്ടാകുമെന്നാണ് പൊതുവെയുള്ള സൂചന. ഇന്ന് കക്ഷി നേതാക്കളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തിയേക്കും. ബില്ലിനെ എതിർക്കുമെന്ന് മുസ്ളിം ലീഗ് അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ നാലിനാണ് സമ്മേളനം സമാപിക്കുന്നത്.
അതേസമയം ചില രാഷ്ട്രീയ പാർട്ടികളും സംഘടനകളും ബില്ലിലെ വ്യവസ്ഥകളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തി സമൂഹത്തിൽ അശാന്തി വളർത്താൻ ശ്രമിക്കുന്നതായി പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു കുറ്റപ്പെടുത്തി. ബിൽ അവതരിപ്പിക്കാൻ സർക്കാർ പൂർണമായും തയ്യാറാണെന്ന് റിജിജു പറഞ്ഞു. വിവിധ കക്ഷികളുമായി കൂടിയാലോചനകൾ നടത്തിയ ശേഷമാകും അവതരിപ്പിക്കുക. ചില രാഷ്ട്രീയ പാർട്ടികളും സംഘടനകളും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനും സംഘർഷങ്ങൾ സൃഷ്ടിക്കാനും നുണകൾ പ്രചരിപ്പിക്കുകയാണ്. ബിൽ മുസ്ലിങ്ങളുടെ താൽപ്പര്യങ്ങൾക്ക് വിധേയമാണ്.
ബിൽ നിയമമായാൽ പള്ളികൾ, ശ്മശാനങ്ങൾ തുടങ്ങിയ മുസ്ലിം സ്വത്തുക്കൾ സർക്കാർ പിടിച്ചെടുക്കുമെന്നത് നുണ പ്രചാരണമാണ്. വഖഫ് നിയന്ത്രിക്കുന്നതിനുള്ള നിയമം ബ്രിട്ടീഷ് കാലം മുതലുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാന പ്രചാരണം നടന്നെങ്കിലും നിയമം നിലവിൽ വന്ന ശേഷം ഏതെങ്കിലും മുസ്ലിമിന് പൗരത്വം നഷ്ടപ്പെട്ടിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
ബിൽ വിശദമായി പഠിക്കാനും തുടർന്ന് സർക്കാരുമായി ചർച്ചകളിൽ ഏർപ്പെടാനും അദ്ദേഹം പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. പ്രതിപക്ഷ ഇന്ത്യാ മുന്നണിയിലെ നിരവധി എം.പിമാർ ബില്ലിന് അനുകൂലമാണ്. ഭൂരിപക്ഷം മുസ്ലിങ്ങളുടെയും താൽപര്യങ്ങൾക്ക് അനുസൃതമായാണ് ബിൽ. വഖഫ് സ്വത്തുക്കൾ വ്യക്തിപരമായ നേട്ടങ്ങൾക്കായി ചൂഷണം ചെയ്യുന്ന ചുരുക്കം ചില നേതാക്കളാണ് എതിർക്കുന്നത്.
കെ.സി.ബി.സി നിലപാട് സ്വാഗതാർഹം
ബില്ലുമായി ബന്ധപ്പെട്ട കേരള കാത്തലിക് ബിഷപ്പ് കൗൺസിലിന്റെ(കെ.സി.ബി.സി) പിന്തുണ കിരൺ റിജിജു സ്വാഗതം ചെയ്‌തു. കേരളത്തിലെ എല്ലാ എം.പിമാരും ബില്ലിനെ പിന്തുണക്കണം. മുനമ്പത്ത് നൂറുകണക്കിന് കുടുംബങ്ങളാണ് ദുരിതത്തിലുള്ളത്. ഇത്തരം പ്രശ്നങ്ങൾ ജനപ്രതിനിധികളാണ് പരിഹരിക്കേണ്ടത്. പ്രീണന രാഷ്ട്രീയത്തിനായി ജനങ്ങളുടെ താൽപര്യങ്ങൾ ഇല്ലാതാക്കരുത്.