ജ. യശ്വന്ത് വർമ്മ വിവാദം റിപ്പോർട്ട് സമർപ്പിച്ച് ഡൽഹി പൊലീസ്

Tuesday 01 April 2025 12:12 AM IST

ന്യൂഡൽഹി : ജസ്റ്രിസ് യശ്വന്ത് വർമയുടെ വസതിയിൽ നോട്ടുകൂമ്പാരം കണ്ടെത്തിയതിൽ ജ‌ഡ്ജിമാരുടെ മൂന്നംഗ സമിതിക്ക് വിശദ റിപ്പോർട്ട് സമർപ്പിച്ച് ഡൽഹി പൊലീസ്.

തീപിടിത്തമുണ്ടായ മാർച്ച് 14ന് പൊലീസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതു മുതൽ സ്വീകരിച്ച നടപടികൾ അറിയിച്ചു. കത്തിയ നോട്ടുകളുടെ അവശിഷ്‌ടങ്ങൾ 15ന് രാവിലെ അവിടെ നിന്ന് മാറ്റിയത് ചൂണ്ടിക്കാട്ടി. സ്ഥലത്തു നിന്നു ശേഖരിച്ച നോട്ടുകളുടെ സീരിയൽ നമ്പർ,​ ഫൊറൻസിക് പരിശോധനയുടെ വിവരങ്ങൾ,​ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ തുടങ്ങിയവയും കൈമാറിയെന്നാണ് വിവരം. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അനുമതി നൽകാതെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു.

പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശീൽ നാഗു, ഹിമാചൽപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കർണാടക ഹൈക്കോടതിയിലെ മലയാളി ജഡ്‌ജി അനു ശിവരാമൻ എന്നിവരടങ്ങിയതാണ് സമിതി.

 സമരം പിൻവലിച്ച് അസോ.

അനിശ്ചിതകാല കോടതി ബഹിഷ്‌കരണ സമരം അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ പിൻവലിച്ചു. സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് വരുംവരെ കാത്തിരിക്കാനാണ് തീരുമാനം. യശ്വന്ത് വർമ്മ അലഹബാദ് ഹൈക്കോടതി ജഡ്‌ജിയായി ചുമതലയേൽക്കുന്ന ചടങ്ങ് ബഹിഷ്ക്കരിക്കും. ഡൽഹിയിൽ നിന്ന് അലഹബാദിലേക്ക് തിരിച്ചയയ്ക്കാനുള്ള ആലോചന സുപ്രീംകോടതി കൊളീജിയം തുടങ്ങിയതിനു പിന്നാലെയാണ് അസോസിയേഷൻ രംഗത്തിറങ്ങിയത്. സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയപ്പോൾ നിലപാടു കടുപ്പിച്ചു. യശ്വന്ത് വർമ്മയ്‌ക്ക് അലഹബാദ് ഹൈക്കോടതിയിലും ജുഡീഷ്യൽ ജോലി നൽകരുതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിർദ്ദേശം നൽകിയിട്ടുണ്ട്.