മക്കളെ പഠിപ്പിക്കാൻ പട്ടണംതേടി അമ്മമാർ

Tuesday 01 April 2025 12:13 AM IST

ഡെറാഡൂൺ: ആപ്പിളിന്റെ നാടായ ഉത്തരാഖണ്ഡിലെ ചൈനാ അതിർത്തിയോടു ചേർന്ന പല ഗ്രാമങ്ങളിലും സമ്പന്നരുടെ വീട്ടിൽ കുട്ടികളെയോ അമ്മമാരെയോ കണ്ടെന്നു വരില്ല. മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ അമ്മമാർ മക്കളുമായി പട്ടണത്തിലേക്ക് താമസം മാറിയതാണ്.

ഇവരുടെ ഗ്രാമങ്ങളിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിനു പോലും സൗകരമില്ല. ഉള്ള സ്കൂളുകളിൽ പഠിപ്പിക്കാൻ അദ്ധ്യാപകരുമില്ല. അടുത്ത തലമുറയും ആപ്പിൾ കൃഷിക്കാരായി ഗ്രാമത്തിൽ ഒതുങ്ങിയാൽ പോരെന്നാണ് മിക്ക രക്ഷിതാക്കളുടെയും പക്ഷം.

ഹർസിൽ,​ മുഖ്ബ,​ ബഗോറി,​ ധാരാലി,​ സൂഖി,​ പുരാലി,​ ഝാല, ജസ്പൂർ തുടങ്ങി പത്തിലേറെ സെറ്റിൽമെന്റുകളിൽ ഇതാണ് സ്ഥതി. ഡെറാഡൂണിലും ഉത്തരകാശിയിലുമൊക്കെയാണ് കുട്ടികളുമൊത്ത് അമ്മമാർ ചേക്കേറുന്നത്. അവിടെ സി.ബി.എസ്.ഇ സിലബസിലുൾപ്പെടെ മക്കളെ ചേർക്കുന്നു. നാലോ അഞ്ചോ അമ്മമാർ ചേർന്ന് വീട് വാടകയ്ക്കെടുത്താണ് താമസം.

അതേസമയം,​ ഇവരുടെ ഭർത്താക്കൻമാർ ആപ്പിൾ കൃഷിചെയ്തും മറ്റും നാട്ടിൽ തന്നെ കൂടും. വരുമാനത്തിൽ ഒരുപങ്ക് ഭാര്യയ്ക്ക് ചെലവിന് അയച്ചു കൊടുക്കും. ചാർ ധാം തീർത്ഥാടന റൂട്ടിൽ വീടുള്ളവർ ടൂറിസ്റ്റുകൾക്ക് വാടകയ്ക്ക് കൊടുത്തും കാശുണ്ടാക്കി മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നു.

വാദം തള്ളി സർക്കാർ

 മികച്ച വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കാത്തതു കൊണ്ടാണ് പട്ടണങ്ങളെ ആശ്രയിക്കുന്നതെന്ന് ഗ്രാമീണർ പറയുമ്പോൾ സംസ്ഥാന സർക്കാർ ഇതു നിഷേധിക്കുകയാണ്

പണത്തിന്റെ ധാരാളിത്തം കാണിക്കാനാണ് മക്കളുമായി പട്ടണത്തിലേക്ക് താമസം മാറുന്നതെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പറയുന്നു. പ്രത്യേക ഫണ്ട് വകയിരുത്തി സ്കൂളുകളെ സംരക്ഷിക്കുന്നുണ്ടത്രെ

 എന്നാൽ,​ സ്കൂളുകൾ നേരിൽ കണ്ട് അവഗണന മനസ്സിലാക്കാൻ ഗ്രാമീണർ ക്ഷണിക്കുന്നു. എട്ടു സെറ്റിൽമെന്റുകൾക്കായി ഒരു ഹൈസ്കൂളുള്ളതിൽ ആകെ നാല് അദ്ധ്യാപകർ മാത്രം. കെട്ടിടം പൊട്ടിപ്പൊളിഞ്ഞത്

മകളെയും ഭാര്യയെയും പട്ടണത്തിൽ വിട്ട് ഗ്രാമത്തിൽ തങ്ങുന്നതിൽ വിഷമമുണ്ട്. മകൾക്ക് ഡോക്ടറാവാനാണ് മോഹം. അതു സാധിച്ചുകൊടുക്കണം.

മഹന്ദ്ര റാവത്ത്,​

ഹർസിലിലെ ആപ്പിൾ കർഷകൻ