ശാസ്തപ്പൻ തിറയും ഭദ്രകാളി തെയ്യവും... ചിറ്റണ്ട പുതിയകാവിൽ കളിയാട്ടം

Tuesday 01 April 2025 12:16 AM IST

തൃശൂർ: ചിറ്റണ്ടയിലെ ഗജനാച്വറൽ പാർക്കിലെ പുതിയകാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ നാളെയും മറ്റന്നാളുമായി കളിയാട്ട മഹോത്സവവും മഹാ അന്നദാന യജ്ഞവും നടക്കും. മദ്ധ്യകേരളത്തിൽ ഇതാദ്യമായാണ് ശാസ്തപ്പൻ തിറയും ഭദ്രകാളി തെയ്യത്തിന്റെ അവതരണം നടക്കുന്നതെന്ന് എലിഫന്റ് വെൽഫയർ ട്രസ്റ്റ് ചെയർമാൻ കെ.പി.മനോജ് കുമാർ വിശദീകരിച്ചു. നാളെ വൈകിട്ട് അഞ്ചിന് നടക്കുന്ന സാംസ്‌കാരിക സദസിൽ ചലച്ചിത്ര താരങ്ങളായ മനോജ് കെ.ജയൻ, കൊല്ലം തുളസി, ശിവജി ഗുരുവായൂർ, അഖിൽ മാരാർ, ഊർമിള ഉണ്ണി, സരയു, സീനത്ത്, ട്രസ്റ്റ് ചെയർമാൻ കെ.പി.മനോജ് കുമാർ, എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബസന്ത്‌ലാൽ തുടങ്ങിയവർ പങ്കെടുക്കും.

സാംസ്‌കാരിക സദസിൽ കിഴൂർ പെരുമലയനെ പട്ടും വളയും നൽകി ഇൻകം ടാക്‌സ് അഡി. കമ്മിഷണർ ജ്യോതിഷ് മോഹൻ, ട്രസ്റ്റ് ചെയർമാൻ കെ.പി.മനോജ് കുമാർ എന്നിവർ ചേർന്ന് ആദരിക്കും. വാർത്താ സമ്മേളനത്തിൽ എലിഫന്റ് വെൽഫെയർ ട്രസ്റ്റ് സെക്രട്ടറി പി.ശശികുമാർ, അസി. സെക്രട്ടറി കെ.മഹേഷ്, കോ- ഓർഡിനേറ്റർ ചന്ദ്രൻ രാമൻതറ എന്നിവരും പങ്കെടുത്തു.

പുതിയകാവിലെ കളിയാട്ടച്ചടങ്ങുകൾ

രാത്രി എട്ടിന് ശാസ്തപ്പന്റെ വെള്ളാട്ടത്തോടെയാണ് കളിയാട്ടത്തിന്റെ അരങ്ങുണരുക. രാവിലെ പുതിയകാവ് ഭഗവതിയുടെ പീഠപ്രതിഷ്ഠാ ചടങ്ങുകൾക്ക് കളിയാട്ടത്തിന്റെ പരമാചാര്യനും ചിറ്റണ്ട പുതിയകാവ് ഭദ്രകാളി ക്ഷേത്രത്തിന്റെ തന്ത്രി കിഴൂരിടം (പഴശി കോവിലകം) സ്ഥാനികൻ അനീഷ് പെരുമലയൻ കാർമികത്വം വഹിക്കും. വൈകീട്ട് നാലിന് കരിക്കിൽ അയ്യപ്പസ്വാമി ക്ഷേത്ര സന്നിധിയിൽ നിന്നും ചിറ്റണ്ട മാതൃശക്തിയുടെ നേതൃത്വത്തിൽ 1001 പേർ പങ്കെടുക്കുന്ന താലത്തിന്റെയും വാദ്യമേളത്തിന്റെയും അകമ്പടിയോടെ പെരുമലയനെ പുതിയകാവ് ശ്രീ ഭദ്രകാളി ക്ഷേത്ര സന്നിധിയിലേക്ക് സ്വീകരിച്ച് ആനയിക്കും. ശാസ്തപ്പൻ തിറ അവതരിപ്പിക്കും. രാത്രി 11ന് ഭദ്രകാളിയുടെ പുറപ്പാടും ഭക്തർക്ക് അനുഗ്രഹവുമുണ്ടാകും. മൂന്നിന് രാവിലെ ഒമ്പതിന് പുതിയകാവിലമ്മയുടെ തിരുമുടിയേറ്റി അരുൾ മൊഴിയേകും. രാവിലെ 10.30ന് 64 കളത്തിൽ ഗുരുതി സമർപ്പണത്തോടെ കളിയാട്ടം പൂർണമാകും. തുടർന്ന് മഹാഅന്നദാനം നടക്കും.