പദ്ധതി വിഹിതം ചെലവഴിക്കൽ: ഏഴ് പഞ്ചായത്തുകൾക്ക് നൂറ് ശതമാനം
- നിറം മങ്ങി ജില്ലാ പഞ്ചായത്തും കോർപറേഷനും
തൃശൂർ: പദ്ധതി വിഹിതം ചെലവഴിച്ചത് ഏഴ് പഞ്ചായത്തുകൾ മാത്രം. അവിണിശേരി, മുളങ്കുന്നത്ത്കാവ്, താന്ന്യം, മാടക്കത്തറ, എറിയാട്, വടക്കേക്കാട്, വള്ളത്തോൾ നഗർ പഞ്ചായത്തുകളാണ് നൂറു ശതമാനം പദ്ധതി വിഹിതം ചെലവഴിച്ചത്. ജില്ലയിൽ ഒന്നാംസ്ഥാനം ലഭിച്ചതിന് പുറമേ സംസ്ഥാനത്തെ മൊത്തം പഞ്ചായത്തുകളിൽ അഞ്ചാം സ്ഥാനവും അവിണിശേരി കരസ്ഥമാക്കി. ചിറയ്ക്കൽ പഞ്ചായത്താണ് ഒന്നാം സ്ഥാനത്ത്. അവിണിശേരി 109.80 ശതമാനം ചെലവഴിച്ചു. ജില്ലയിൽ രണ്ടാം സ്ഥാനത്ത് മുളങ്കുന്നത്ത്കാവും താന്ന്യം പഞ്ചയാത്ത് മൂന്നാം സ്ഥാനത്തുമാണ്. പരമാവധി 20 ശതമാനത്തോളം രൂപ അടുത്ത സാമ്പത്തിക വർഷത്തിലേക്ക് സ്പിൽ ഓവറായി ലഭിക്കുമെന്നതിനാൽ 80 ശതമാനത്തിൽ കൂടൂതൽ വിഹിതം ചെലവഴിച്ചവർക്ക് ആശ്വാസമാണ്.
ജില്ലാ പഞ്ചായത്ത് പ്രകടനം മോശം
സംസ്ഥാനത്ത് ഫണ്ട് വിനിയോഗത്തിൽ 11-ാം സ്ഥാനത്താണ് തൃശൂർ ജില്ലാ പഞ്ചായത്ത്. 60.01 ശതമാനമാണ് ചെലവഴിച്ചത്. കഴിഞ്ഞ വർഷത്തെ സ്പിൽ ഓവർ വിഹിതം ഉൾപ്പടെയാണ് ഇത്ര ചെലവഴിച്ചത്. മലപ്പുറമാണ് ഒന്നാം സ്ഥാനത്ത്.
കോർപറേഷനിൽ മൂന്നാമത്
പദ്ധതി വിഹിതം ചെലവഴിക്കുന്നതിൽ കോർപറഷേനും പിറകോട്ടു പോയി. കൊച്ചിക്കാണ് ഒന്നാം സ്ഥാനം. കൊല്ലം രണ്ടാമതെത്തിയപ്പോൾ തൃശൂർ 72 ശതമാനമാണ് ചെലവഴിച്ചത്. 80.10 കോടി രൂപയാണ് കോർപറേഷന് അനുവദിച്ചിരുന്നത്. ഇതിൽ 57.67 കോടിയാണ് ചെലവഴിച്ചത്.
100 ശതമാനം കടന്ന് ചാവക്കാട്
സംസ്ഥാനതലത്തിൽ മികച്ച പ്രകടനവുമായി ചാവക്കാട് മുനിസിപ്പാലിറ്റി. സംസ്ഥാനത്ത് ആറാം സ്ഥാനമാണ് ചാവക്കാടിന്. നൂറുശതമാനം പദ്ധതി വിഹിതം ചെലവഴിച്ചാണ് മികച്ച പ്രവർത്തനം കാഴ്ച്ചവച്ചത്. അതേസമയം, കുന്നംകുളം, ഇരിങ്ങാലക്കുട, ഗുരുവായൂർ, ചാലക്കുടി, വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ എന്നി മുനിസിപ്പാലിറ്റികൾക്ക് നൂറു ശതമാനത്തിലെത്താൻ സാധിച്ചില്ല.
ബ്ലോക്കിൽ മുന്നിൽ വടക്കാഞ്ചേരി
നൂറു ശതമാനം നേടാൻ സാധിച്ചില്ലെങ്കിലും ജില്ലയിൽ 88.91 ശതമാനം ഫണ്ട് ചെലവഴിച്ച് ഒന്നാം സ്ഥാനത്ത് എത്തിയത്. 86.74 ശതമാനം ചെലവഴിച്ച് ഒല്ലൂക്കര രണ്ടാം സ്ഥാനത്തും 86 ശതമാനം ചെലവഴിച്ച് അന്തിക്കാട് മൂന്നാം സ്ഥാനത്തും എത്തി.
നഷ്ടമായത് 1054 കോടി: ജാസഫ് ടാജറ്റ്
തൃശൂർ: അവസാന സമയം ഫണ്ട് അനുവദിച്ചതിലൂടെ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾക്ക് കഴിഞ്ഞ നാല് സാമ്പത്തിക വർഷത്തിൽ നഷ്ടം ഏകദേശം 1054 കോടിയെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവും ഡി.സി.സി പ്രസിഡന്റുമായ അഡ്വ. ജോസഫ് ടാജറ്റ്. ഈ സാമ്പത്തിക വർഷത്തെ ജില്ലയുടെ ബഡ്ജറ്റ് സംഖ്യയായ 740.87കോടിയിൽ തദ്ദേശ സ്ഥാപനങ്ങൾ ചെലവഴിച്ചത് 382 കോടിയാണ്. ഇതുവരെ ജില്ലയിലെ 17 ട്രഷറികളിലായി 6335 ബില്ലുകളിലായി 124.87 കോടി രൂപ ഇനിയും പാസാക്കാനുണ്ട്. ജില്ലാ പഞ്ചായത്തിന് നഷ്ടമായത് ഏകദേശം 34 കോടി രൂപയാണ്. 84.57കോടി വാർഷിക വികസന ഫണ്ടിൽ ചെലവാക്കാനായത് 50.72 കോടി രൂപയാണ്. ഇതിൽ 21.3 കോടി രൂപ കഴിഞ്ഞ വർഷത്തെ പദ്ധതിയുടേതാണ്. സമാനമായ രീതിയിൽ തൃശൂർ കോർപറേഷന് കോടികൾ നഷ്ടമായിരിക്കുകയാണ്. 80.10 കോടിയുടെ വാർഷിക പദ്ധതിയിൽ 57.39 കോടിമാത്രമാണ് ചെലവഴിച്ചിട്ടുള്ളത്. ഇതിൽൽ 10 കോടി സ്പിൽ ഓവർ പദ്ധതികളുടെ തുകയാണ്. സർക്കാരിന്റെ സാമ്പത്തിക ക്രമക്കേടുകൊണ്ടാണ് ജില്ലക്ക് ഈ അവസ്ഥ ഉണ്ടാകുന്നതെന്ന് ജോസഫ് ടാജറ്റ് വ്യക്തമാക്കി.