പുഴത്തീരം മാറി മാറി പുലി: 60 ക്യാമറകളും കൂടുമായി വനപാലകർ

Tuesday 01 April 2025 12:21 AM IST

ചാലക്കുടി: ചാലക്കുടിപ്പുഴയുടെ ഇരുകരകളിലും ഭീതി വിതച്ച് പായുന്ന പുലി കാടുകുറ്റിയിലെത്തിയെന്ന് വിവരം. കാടുകുറ്റി പള്ളി റോഡിലെ സിമേതി പടിയിൽ വീട്ടുപറമ്പിലാണ് തിങ്കളാഴ്ച വൈകീട്ട് പുലിയെ കണ്ടത്. പരിസരവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് ഏഴാറ്റുമുഖം ഫോറസ്റ്റ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി ഒമ്പത് സെന്റീ മീറ്റർ നീളമുള്ള കാൽപ്പാടും കണ്ടെത്തി. ഇതു പുലിയുടേതാണെന്ന് ഔദ്യോഗിക സ്ഥിരീകരണവും വന്നു. കഴിഞ്ഞദിവസം കണ്ണമ്പുഴ കടവിൽ കണ്ട പുലി പുഴയിലൂടെ നീന്തി മറുകരയെത്തിയെന്നാണ് നിഗമനം. മറ്റൊരു ക്ഷേത്രത്തിൽ ഇന്നലെ പടക്കം പൊട്ടിച്ചെന്നും ഇതു കേട്ടായിരിക്കാം പുലി, മറുകരയിലെത്തിയതെന്നും കരുതുന്നു. പുതുതായി ഒരു കെണിക്കൂട് കൂടി കാടുകുറ്റി സിമേതി പടിയിലും വയ്ക്കുന്നുണ്ട്. ഇനിയും കൂടുതൽ കൂടുകളെത്തിക്കാൻ ശ്രമിക്കുകയാണ്. ഇതിനായി വയനാട് മുത്തങ്ങ ഫോറസ്റ്റ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടിട്ടുണ്ട്. പലയിടത്തും കൂടുകൾ കേടുപറ്റി കിടക്കുകയാണ്.

പുഴയുടെ വലതുകരയിൽ കണ്ണമ്പുഴ മുതൽ പടിഞ്ഞാറെ ചാലക്കുടി വരെയുള്ള പ്രദേശത്ത് 29 കാമറകൾ സ്ഥാപിക്കാൻ ചാലക്കുടി ഡി.എഫ്.ഒയും തീരുമാനിച്ചു. ഇവിടെ രണ്ട് കൂടുകൾ വച്ചിട്ടുണ്ട്. ആർ.ആർ.ടി സംഘത്തിന്റെ പരിശോധന രാപ്പകൽ ഭേദമില്ലാതെ നടക്കുന്നുണ്ട്. പുഴയുടെ ഇരുകരകളിലും ജനകീയ പങ്കാളിത്തത്തോടെ തെരച്ചിൽ നടത്തണമെന്ന് മന്ത്രി കെ.രാജൻ അവലോകന യോഗത്തിൽ നിർദ്ദേശിച്ചിരുന്നു.

ജനകീയ തെരച്ചിൽ ഇപ്പോഴില്ല

ജനകീയ പങ്കാളിത്തത്തോടെ തെരച്ചിൽ നടത്തിയാൽ ഒരു പക്ഷേ, പുലി ചാലക്കുടിയുടെ പരിധി വിട്ടുപോകാൻ സാദ്ധ്യതയുണ്ട്. മാത്രമല്ല, ഇതോടെ ഇതിനെ പിടികൂടുക എന്ന ദൗത്യം കടുപ്പമേറിയതുമാകും. ഇക്കാരണത്താലാണ് ജനകീയ തെരച്ചിൽ വൈകിപ്പിക്കുന്നത്.

അനുദിനം ജനങ്ങൾക്ക് ഭീതി വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പ്രതിരോധ നടപടികളിലേക്ക് കടക്കുകയാണ്. മുപ്പതോളം തെർമൽ ക്യാമറകൾ ചാലക്കുടിപ്പുഴയുടെ ഇടതുകരയിലെ കാടുകുറ്റി പഞ്ചായത്ത് കേന്ദ്രീകരിച്ച് ഘടിപ്പിക്കും.

ആർ.ലക്ഷ്മി

ഡി.എഫ്.ഒ

വാഴച്ചാൽ.