സ്കൂളുകളിൽ ജങ്ക് ഫുഡ് നിരോധിച്ച് മെക്സികോ
മെക്സികോ സിറ്റി: രാജ്യത്തെ മുഴുവൻ സ്കൂളുകളിലും ജങ്ക് ഫുഡ് നിരോധിച്ച് മെക്സിക്കൻ സർക്കാർ. പാക്കുകളിൽ ലഭിക്കുന്ന മധുര പാനീയങ്ങൾ, ചിപ്സുകൾ, കൃത്രിമ പന്നിയിറച്ചി, മുളക് രുചിയുള്ള നിലക്കടല തുടങ്ങിയ ഉയർന്ന അളവിൽ സംസ്കരിച്ച ഭക്ഷണങ്ങൾക്കാണ് നിരോധനം. കുട്ടികളിൽ പൊണ്ണത്തടിയും പ്രമേഹവും വർദ്ധിച്ചതോടെയാണ് സർക്കാർ കടുത്ത നടപടി സ്വീകരിച്ചത്.
ഉത്തരവ് പ്രകാരം ഉപ്പ്, പഞ്ചസാര, കലോറി, കൊഴുപ്പ് എന്നിവയുടെ അളവ് കൂടുതലാണെന്ന് മുന്നറിയിപ്പ് നൽകുന്ന എല്ലാ ഭക്ഷണപാനീയങ്ങളും സ്കൂളുകൾ നിറുത്തലാക്കണം. ജങ്ക് ഫുഡുകൾക്കുപകരം കൂടുതൽ പോഷകസമൃദ്ധമായ ബദൽ ഭക്ഷണവും കുടിവെള്ളവും വിദ്യാർത്ഥികൾക്ക് നൽകണമെന്നും നിർദ്ദേശമുണ്ട്.
ഒരു പാക്ക് പൊട്ടറ്റോ ചിപ്സ് കഴിക്കുന്നതിനേക്കാൾ ഒരു ബീൻ ടാക്കോ കഴിക്കുന്നതാണ് നല്ലതെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം പറഞ്ഞു. യു.എൻ ഏജൻസിയായ യുനിസെഫിന്റെ കണക്കു പ്രകാരം ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ജങ്ക് ഫുഡ് കഴിക്കുന്നത് മെക്സിക്കോയിലെ കുട്ടികളാണ്.