മ്യാൻമർ ഭൂകമ്പം: മരണം 2000 കടന്നു
നെയ്‌പിഡോ: മ്യാൻമർ - തായ്ലൻഡ് ഭൂകമ്പത്തിൽ മരണം 2000 കടന്നു. മ്യാൻമറിൽ മാത്രം 2,056 മരണം സ്ഥിരീകരിച്ചു. മരണസംഖ്യ 10,000 വരെ ഉയർന്നേക്കുമെന്ന് യു.എസ് ജിയോളജിക്കൽ സർവീസ് റിപ്പോർട്ട് ചെയ്തു. 3,900 പേർക്ക് പരിക്കേറ്റു. 270ലേറെ പേരെ കാണാതായി. നാല് ദിവസത്തിനുശേഷവും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള രക്ഷാദൗത്യസംഘങ്ങളുൾപ്പെടെ തെരച്ചിലിൽ തുടരുകയാണ്.
മ്യാൻമറിലെ മണ്ഡലൈ നഗരത്തിൽ തകർന്ന കെട്ടിടത്തിനടിയിൽ നിന്ന് ഗർഭിണിയും പെൺകുട്ടിയും ഉൾപ്പെടെ നാല് പേരെ രക്ഷപ്പെടുത്തി. സർക്കാർ ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. അതേസമയം, മ്യാൻമർ സൈന്യം ഗ്രാമങ്ങളിൽ ഇപ്പോഴും വ്യോമാക്രമണം നടത്തുന്നുണ്ടെന്ന് വിമത സംഘം പറഞ്ഞു. പട്ടാള ഭരണകൂടത്തിനെതിരെയുള്ള പോരാട്ടം രണ്ടാഴ്ചത്തേക്ക് നിറുത്തിവയ്ക്കുകയാണെന്ന് മ്യാൻമറിലെ ജനാധിപത്യ അനുകൂല സേനകൾ അറിയിച്ചു. ഭൂകമ്പമുണ്ടായിട്ടും പട്ടാളം വിമതർക്കെതിരെ വ്യോമാക്രമണം നടത്തിയത് വിമർശനത്തിന് ഇടയാക്കിയിരുന്നു. ഷാൻ സംസ്ഥാനത്ത് വെള്ളിയാഴ്ച ഭൂകമ്പമുണ്ടായി മൂന്നു മണിക്കൂറിനുള്ളിലുണ്ടായ വ്യോമാക്രമണത്തിൽ 7 പേരാണ് കൊല്ലപ്പെട്ടത്.
തായ്ലൻഡിൽ മരണം 19 ആയി. ബാങ്കോക്കിൽ തകർന്ന 30 നില കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 70ഓളം തൊഴിലാളികൾക്കായി ഡ്രോൺ, റോബോട്ട് എന്നിവ ഉപയോഗിച്ചുള്ള തെരച്ചിൽ തുടരുകയാണ്. സ്കാനിംഗ് മെഷീനുകളും സ്നിഫർ നായ്ക്കളും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. അതിനിടെ,തായ്‌ലൻഡ് പ്രധാനമന്ത്രി പെയ്‌ടോംഗ്ടാൺ ഷിനവത്ര ഭൂകമ്പം വിലയിരുത്താൻ ഉന്നതതല യോഗവും ചേർന്നു.
ഭൂകമ്പത്തെതുടർന്ന് ദുരന്തഭൂമിയായി മാറിയ മ്യാൻമറിനെ ഭീതിയിലാഴ്ത്തി തുടർ ചലനങ്ങൾ. ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.38ന് മണ്ഡലൈ നഗരത്തിന് സമീപം റിക്ടർ സ്കെയിലിൽ 5.1 തീവ്രതയിലെ ഭൂചലനം രേഖപ്പെടുത്തി. ശനിയാഴ്ച അർദ്ധരാത്രിയോടെ 4.2 തീവ്രതയിലെ ചലനവും മേഖലയിലുണ്ടായി. എന്നാൽ, അധിക നാശനഷ്ടങ്ങൾ ഉണ്ടായില്ല.
ഇന്ത്യൻ സമയം വെള്ളിയ്ഴ്ച രാവിലെ 11.50നാണ് റിക്ടർ സ്കെയിലിൽ 7.7 തീവ്രതയിൽ ഭൂകമ്പമുണ്ടായത്. മ്യാൻമറിലെ മണ്ഡലൈ നഗരത്തിൽ നിന്ന് 17.2 കിലോമീറ്റർ അകലെയായിരുന്നു പ്രഭവ കേന്ദ്രം.
അടിയന്തരാവസ്ഥയെന്ന്
ലോകാരോഗ്യ സംഘടന
മ്യാൻമർ ഭൂകമ്പം അതീവ അടിയന്തരാവസ്ഥയെന്ന് ലോകാരോഗ്യ സംഘടന. അടുത്ത 30 ദിവസത്തിനുള്ളിൽ ജീവൻ രക്ഷിക്കാനും പകർച്ചവ്യാധികൾ തടയാനും 8 മില്യൺ ഡോളർ അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ട്. ആശയവിനിമയ സംവിധാനങ്ങൾ നിലച്ചതോടെ, ഒറ്റപ്പെട്ട സ്ഥലങ്ങളിലടക്കം രക്ഷാപ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ദുരന്തത്തിന്റെ വ്യാപ്തി പുറത്തുവരുന്നതേയുള്ളൂവെന്നും മരണസംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യയെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. മ്യാൻമറിൽ മൂന്ന് ആശുപത്രികൾ നശിച്ചതായും 22 എണ്ണം ഭാഗികമായി തകർന്നതായും ലോകാരോഗ്യ സംഘടന അറിയിച്ചു.
നാല് ചൈനക്കാർ പിടിയിൽ
തായ്‌ലാൻഡിലെ ഭൂകമ്പത്തിൽ തകർന്ന കെട്ടിത്തിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച നാല് ചൈനീസ് പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. തകർന്ന കെട്ടിടത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടവരാണെന്നാണ് വിവരം. നിർമ്മാണത്തിലിരുന്ന ഈ കെട്ടിടത്തിന്റെ ഉള്ളിൽ നിന്നും ഇതുമായി ബന്ധപ്പെട്ട രേഖകൾ കൈക്കലാക്കിയ ശേഷം രക്ഷപ്പെടാനായിരുന്നു ഇവരുടെ ലക്ഷ്യം. ഇവരുടെ കൈയിൽ നിന്ന് 2 പേജുകളുള്ള ഫയലുകളും ബ്ലൂപ്രിന്റും പിടിച്ചെടുത്തു. ചൈനീസ് പിന്തുണയോടെ പ്രവർത്തിക്കുന്ന കമ്പനിക്കായിരുന്നു നിർമ്മാണത്തിലിരിക്കെ തകർന്നുവീണ 30 നില കെട്ടിടത്തിന്റെ നിർമ്മാണ ചുമതല. ഇതുമായി ബന്ധപ്പെട്ട രേഖകളുമായി കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലാകുന്നത്. 32 പേജുകളുള്ള ഒരു ഫയലാണ് ഇവർ തകര്‍ന്ന കെട്ടിടത്തിൽ നിന്ന് എടുത്തതെന്നാണ് മെട്രോപോളിറ്റൻ പൊലീസ് ബ്യൂറോ മേധാവി അറിയിച്ചത്.