എല്ലാം രാജ്യങ്ങൾക്ക് മേലും തീരുവ ചുമത്തും: ട്രംപ്
വാഷിംഗ്ടൺ: എല്ലാ രാജ്യങ്ങൾക്കുമേലും യു.എസ് തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ പകരച്ചുങ്കം നിലവിൽവരുന്ന ബുധനാഴ്ച രാജ്യത്തിന്റെ വിമോചനദിനമായിരിക്കുമെന്നും പറഞ്ഞു. നേരത്തെ, 10- 15 വരെ രാജ്യങ്ങൾക്ക് മേലെ തീരുവചുമത്തുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ അത് തള്ളുന്നതാണ് പുതിയ പ്രസ്താവന.എല്ലാരാജ്യങ്ങളിലും തുടങ്ങാം. എന്തുസംഭവിക്കുമെന്ന് നോക്കാം എന്നായിരുന്നു അന്തർദേശീയ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. അതേസമയം, യു.എസ് കയറ്റുമതിയിൽ ഫീസ് ഈടാക്കുന്ന രാജ്യങ്ങൾക്കെതിരെ തീരുവയ്ക്ക് തുല്യമായി തീരുവ ചുമത്തുമെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യയും യു.എസും തമ്മിലുള്ള ഉഭയകക്ഷിവ്യാപാരക്കരാറുമായി (ബി.ടി.എ) ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളിൽ ഡൽഹിയിൽ ചർച്ചനടന്നിരുന്നു. ബി.ടി.എയുടെ കാര്യത്തിൽ ഈ വർഷാവസാനത്തോടെ അന്തിമതീരുമാനമുണ്ടാക്കാൻ ധാരണയിലെത്തിയെങ്കിലും തീരുവ ഇളവുസംബന്ധിച്ച തീരുമാനമൊന്നുമുണ്ടായില്ലെന്നാണ് വിവരം.
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാണ് യു.എസ്. യു.എസിന്റെ പകരച്ചുങ്കം ഇന്ത്യയുടെ കയറ്റുമതിയിൽ വലിയ ആഘാതമുണ്ടാക്കും. അടുത്ത സാമ്പത്തികവർഷം കയറ്റുമതിയിൽ 730 കോടി ഡോളറിന്റെ നഷ്ടമായിരിക്കും ഉണ്ടാവുകയെന്നാണ് റിപ്പോർട്ട്.
വെനസ്വേലയിൽ നിന്ന് എണ്ണവാങ്ങുന്ന രാജ്യങ്ങൾക്ക് 25 ശതമാനം ഇറക്കുമതിത്തീരുവ ചുമത്തുമെന്ന യു.എസിന്റെ പ്രഖ്യാപനവും ഇന്ത്യക്ക് തിരിച്ചടിയാകും. ഇന്ത്യ അവിടന്ന് അസംസ്കൃത എണ്ണ വാങ്ങുന്നുണ്ട്. തീരുവയുമായി ബന്ധപ്പെട്ട് ഇന്ത്യയുമായുള്ള ചർച്ച നടക്കുന്നുണ്ടെന്ന് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
അതേസമയം, ചൈനയുടെ സ്റ്റീൽ, അലുമിനിയം,ഓട്ടോകൾ തുടങ്ങിയവയ്ക്ക് തീരുവ ചുമത്തി ട്രംപ് ഇതിനകം വ്യാപാര യുദ്ധം ആരംഭിച്ചിരുന്നു. എല്ലാ രാജ്യങ്ങൾക്കുമേലും തീരുവ വരുന്നതോടെ ചൈന ഇതിനെതിരെ ശക്തമായി തിരിച്ചടിക്കുമോ എന്നാണ് ലോകരാജ്യങ്ങളും ഉറ്റ് നോക്കുന്നത്.
മൂന്നാം തവണയും
പ്രസിഡന്റാകും
മൂന്നാം വട്ടവും താൻ അമേരിക്കൻ പ്രസിഡന്റ് ആകുമെന്ന് ഡൊണാൾഡ് ട്രംപ്. അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. അമേരിക്കയിലെ നിലവിലെ നിയമപ്രകാരം രണ്ട് തവണയാണ് ഒരാൾക്ക് പ്രസിഡന്റ് ആകാൻ സാധിക്കുക. എന്നാൽ, താൻ തമാശ പറയുകയല്ലെന്നും മൂന്നാം വട്ടവും പ്രസിഡന്റ് ആകാൻ നിയമത്തിൽ പഴുതുകളുണ്ടെന്നാണ് അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞത്. ഒരുപാട് ആളുകൾ താൻ മൂന്നാമതും പ്രസിഡന്റാകണമെന്ന് അഭ്യർത്ഥിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.