ആണവ കരാർ: ഇറാന് നേരെ ബോംബിടുമെന്ന് ട്രംപ് മിസൈലുകൾ സജ്ജമെന്ന് ഇറാൻ
വാഷിംഗ്ടൺ: യു.എസുമായി ഇറാൻ ആണവകരാറിൽ ഒപ്പുവച്ചില്ലെങ്കിൽ രാജ്യത്തിനു നേരെ ബോംബിടുമെന്ന് ഡൊണാൾഡ് ട്രംപ്. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് യു.എസ് പ്രിസഡന്റിന്റെ വെളിപ്പെടുത്തൽ. കൂടാതെ ഇറാന് മേൽ അധിക തീരുവ ചുമത്തുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം, ട്രംപിന്റെ ഭീഷണിക്കെതിരെ ഇറാനും രംഗത്തെത്തി. യു.എസിന്റെ എല്ലാം സ്ഥാപനങ്ങളും നശിപ്പിക്കാൻ മിസൈലുകൾ സജ്ജമാണ്. ഈ മിസൈലുകളിൽ ഗണ്യമായ എണ്ണം രാജ്യത്തുടനീളം സജ്ജീകരിച്ചിട്ടുള്ള ഭൂഗർഭ അറകളിലുണ്ട്. അവ വ്യോമാക്രമണങ്ങളെ ചെറുക്കാൻ രൂപകല്പന ചെയ്തിട്ടുള്ളവയാണ്'- ഇറാൻ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ആണവകരാറിൽ ഒപ്പുവയ്ക്കാൻ രണ്ടാഴ്ചത്തെ സമയമാണ് ട്രംപ് ഇറാന് നൽകിയിരിക്കുന്നത്.
യു.എസുമായുള്ള ആണവചർച്ചയ്ക്ക് സമ്മതമല്ലെന്ന് അറിയിച്ചുകൊണ്ട് ഇറാൻ മറുപടി നൽകിയിരുന്നു. അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകളിൽ ഏർപ്പെടില്ലെന്ന് വ്യക്തമാക്കിയ ഇറാൻ മുൻകാലങ്ങളിലെപ്പോലെ യു.എസുമായി പരോക്ഷമായി ചർച്ച നടത്താൻ തയ്യാറാണെന്നും വ്യക്തമാക്കി. ട്രംപിന്റെ നിർദ്ദേശത്തിന് ഒമാൻ വഴിയാണ് ഇറാൻ മറുപടി അയച്ചത്. ട്രംപ് ഇറാനെതിരെ സമ്മർദ്ദം ചെലുത്തുന്ന സാഹചര്യത്തിൽ,യു.എസ് ഭരണകൂടവുമായി ചർച്ചയ്ക്ക് തയ്യാറല്ലെന്ന് ഇറാൻ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. മാർച്ച് ആദ്യവാരമാണ് ആണവക്കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്താൻ ഇറാൻ നേതാവ് ആയത്തുള്ള ഖമനേനിക്ക് ട്രംപ് കത്തയച്ചത്. ഇറാനെ കൈകാര്യം ചെയ്യാൻ രണ്ട് വഴികളാണ് ഉള്ളതെന്നും അതിൽ ഒന്ന് സൈനികമായും അല്ലെങ്കിൽ കരാറിൽ ഒപ്പിടുകയാണെന്നും ട്രംപ് പറഞ്ഞത്. എന്നാൽ ട്രംപിന്റെ നിർദ്ദേശം തള്ളിയ ഖമനേനി അമേരിക്കയുമായി യാതൊരുവിധ ചർച്ചകളും നടത്താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി. അമേരിക്ക കാര്യങ്ങൾ അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുകയല്ല ഇത്തരം ഭീഷണിപ്പെടുത്തുന്ന സർക്കാരുകൾ ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.