കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു

Tuesday 01 April 2025 1:08 AM IST

കാസർകോട്: കുമ്പള ബംബ്രാണയിൽ കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടുന്നതിന് വീട്ടിലെത്തിയ എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ പ്രതി കുത്തിപരിക്കേൽപ്പിച്ചു. .കാസർകോട് എക്സൈസ് നാർക്കോട്ടിക് സ്കോഡിലെ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് കെ.ആർ.പ്രജിത്(37) , സിവിൽ എക്സൈസ് ഓഫീസർ പി.രാജേഷ് (38) എന്നിവരെയാണ് പ്രതി അബ്ദുൾ ബാസിത്(32) മുനയുള്ള സ്റ്റീൽ കമ്പി കൊണ്ട് കുത്തിയത്.

107 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടും മുങ്ങി നടക്കുകയായിരുന്ന മുഖ്യപ്രതി അബ്ദുൾ ബാസിത് വീട്ടിൽ എത്തിയതായി രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് ഇന്നലെ ഉച്ചക്കാണ്

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് കെ.വി മുരളിയുടെ നേതൃത്വത്തിൽ എക്സൈസ് സംഘം കുമ്പള ബംബ്രാണയിലെത്തിയത്. എക്സൈസ് സംഘത്തെ കണ്ട പ്രതി പ്രജിത്തിന്റെ കഴുത്തിൽ കമ്പി കൊണ്ടു കുത്തുകയായിരുന്നു. പ്രജിത്തിന്റെ ചുണ്ടിന് താഴെ ആഴത്തിലുള്ള മുറിവുണ്ട്. രാജേഷിന്റെ കൈക്കും കാലിനും കുത്തേറ്റത്. പ്രതിയെ തൊട്ടുപിറകെ എക്സൈസ് സംഘം ബലപ്രയോഗത്തിലൂടെ കീഴടക്കി. പരിക്കേറ്റ രണ്ട് ഉദ്യോഗസ്ഥരെയും കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.