'ഇതിന് ശേഷം മാത്രമേ ഞാൻ ഷേവ് ചെയ്യൂ',​ വീട്ടുതടങ്കലിൽ ദൃ‌‌ഢപ്രതിജ്ഞയുമായി ഒമർ അബ്ദുള്ള

Monday 02 September 2019 11:55 PM IST

ശ്രീനഗർ: വീട്ടുതടങ്കലിൽ പ്രതിജ്ഞയുമായി മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള. താൻ ജയിൽ മോചിതനായ ശേഷമേ ഷേവ് ചെയ്യൂ എന്ന് ഒമർ അബ്ദുള്ള വ്യക്തമാക്കിയതായി അദ്ദേഹത്തിന്റെ സഹോദരി സഫിയ പറഞ്ഞു. അതേസമയം നേതാവുമായ ഒമർ അബ്ദുള്ള ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തി .അദ്ദേഹത്തെ തടവിൽ പാർപ്പിച്ചിരിക്കുന്ന ഹരി നിവാസ് എന്ന സർക്കാര്‍ ഗസ്റ്റ് ഹൗസിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്.

എന്നാൽ പുറത്ത് സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് അദ്ദേഹത്തിന് അറിയില്ലെന്നും സഫിയ പറഞ്ഞു. ‘ഞാൻ ഒരാഴ്ചയ്ക്കിടെ ഉമർ സാഹിബിനെ മൂന്നു തവണ കണ്ടു. മജിസ്‌ട്രേറ്റിന്റെ അനുമതി ലഭിച്ചതോടെയാണ് ഇന്നു പോയി കണ്ടത്. പുറത്ത് എന്താണു നടക്കുന്നതെന്ന് അദ്ദേഹത്തിനറിയില്ല. അദ്ദേഹത്തിന്റെ സാറ്റലൈറ്റ് ടി.വി വർക്ക് ചെയ്യുന്നില്ല. സഫിയ ഇന്ത്യാ ടുഡേയോടു പറഞ്ഞു.

തുടർന്ന് അദ്ദേഹത്തിന്റെ ആവശ്യപ്രകാരം പുറത്തുനടക്കുന്ന സംഭവങ്ങളെ കുറിച്ചുള്ള സി.ഡികൾ ഞങ്ങൾ നൽകി.അദ്ദേഹം അവിടെ ബുക്കുകൾ വായിക്കുകയും സിനിമകൾ കാണുകയുമാണ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ താടി ഒരുപാട് വളർന്നു. എന്തുകൊണ്ടാണ് ഷേവ് ചെയ്യാത്തതെന്നു ഞാൻചോദിച്ചപ്പോൾ ജയിൽ മോചിതനായശേഷമേ അതു ചെയ്യൂ എന്നാണ് അദ്ദേഹത്തിന്റെ മറുപടിയെന്നും സഫിയ പറഞ്ഞു.