താമർ ചിത്രത്തിൽ നിവിൻപോളി

Wednesday 02 April 2025 3:33 AM IST

ആസിഫ് അലി നായകനായ സർക്കീട്ടിനുശേഷം താമർ സംവിധാനം .ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളി നായകൻ. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ് നിർമ്മാണം. ഈ വർഷം അവസാനം ചിത്രീകരണം ആരംഭിക്കും.

ഏറെ നിരൂപക പ്രശംസ നേടിയ 10001 നുണകൾ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി താമർ അരങ്ങേറ്രം കുറിച്ചത്. പൂർണ്ണമായും ഗൾഫ് രാജ്യങ്ങളിൽ ചിത്രീകരിച്ച സർക്കീട്ട് ആണ് താമറിന്റെ രണ്ടാമത്തെ ചിത്രം. മേയ് 8 ന് സർക്കീട്ട് തിയേറ്ററിൽ എത്തും.

അതേസമയം ഇന്ത്യൻ സിനിമയിലെ ആദ്യത്തെ മൾട്ടി വേർസ് സൂപ്പർ ഹിറോ ചിത്രത്തിൽ നായകനായി അഭിനയിക്കാൻ ഒരുങ്ങുകയാണ് നിവിൻ.

ആദിത്യൻ ചന്ദ്രശേഖർ രചനയും സംവിധാനവും നിർവഹിക്കുന്ന മൾട്ടി വേർസ് മന്മഥൻ കോമഡി ആക്ഷൻ ഫാന്റസി എന്റർടെയ്നറായാണ്ഒരുങ്ങുന്നത്. പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന് നവാഗതരായ അനന്ദു എസ്. രാജ്, നിതിൻ രാജ് എന്നിവർ ചേർന്നാണ് രചന. അനീഷ് രാജശേഖരൻ ആണ് ചിത്രത്തിന്റെ ക്രിയേറ്റീവ് കൊളാബറേഷൻ. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് മൾട്ടിവേർസ് മന്മഥൻ ഒരുങ്ങുന്നത്. ആക്ഷൻ ഹീറോ ബിജു 2 ആണ് ചിത്രീകരണം ആരംഭിച്ച നിവിൻ പോളി ചിത്രം. നിവിനും നയൻതാരയും വീണ്ടും ഒരുമിക്കുന്ന ഡിയർ സ്റ്റുഡന്റ്സ് പൂർത്തിയായി. ലവ് ആക്ഷൻ ഡ്രാമയ്ക്കുശേഷം ഇരുവരും വീണ്ടും ഒരുമിക്കുന്ന ചിത്രം നവാഗതരായ ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് രചനയും സംവിധാനവും. ഫീൽഗുഡ് എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിൽ അജു വർഗീസ്, ഷറഫുദ്ദീൻ തുടങ്ങി നീണ്ട താരനിരയുണ്ട്. വിനീത് ജയിൻ നേതൃത്വം നൽകുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി ആണ് നിർമ്മിക്കുന്നത്. നയൻതാരയുടെയും പങ്കാളി വിഘ് നേഷ് ശിവന്റെയും നിർമ്മാണ കമ്പനിയായ റൗഡിപിക്ചേഴ്സും സിനിമയുടെ ഭാഗമാണ്.