ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ പൈങ്കുനി ഉത്സവം കൊടിയേറ്റ് ഇന്ന്

Wednesday 02 April 2025 3:05 AM IST

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് ഇന്ന് കൊടിയേറും.ഇന്ന് രാവിലെ 8ന് കൊടിക്കൂറ പൂജയും 9നും 9.30നും മദ്ധ്യേ കൊടിയേറ്റും നടക്കും.10ന് സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിൽ തയാറാക്കുന്ന വേട്ടക്കളത്തിലാണ് പള്ളിവേട്ട.വാദ്യഘോഷങ്ങളില്ലാതെ പടിഞ്ഞാറേ നടവഴി ശ്രീപദ്മനാഭ സ്വാമിയേയും തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമിയേയും നരസിംഹ മൂർത്തിയേയും വേട്ടക്കളത്തിലേക്ക് എഴുന്നള്ളിക്കും. ക്ഷേത്രസ്ഥാനി പ്രതീകാത്മകമായി കരിക്കിൽ അമ്പെയ്ത് വേട്ട നിർവഹിച്ചശേഷം വാദ്യഘോഷങ്ങളോടെ മടങ്ങും.11ന് വൈകിട്ട് 5ന് പടിഞ്ഞാറേ നടവഴി ആറാട്ടുഘോഷയാത്ര ആരംഭിക്കും. ശംഖുംമുഖം ആറാട്ടുകടവിലെ പൂജകൾക്ക് ശേഷം വിഗ്രഹങ്ങളെ സമുദ്രത്തിൽ ആറാടിക്കും.ഇന്ന് രാത്രി 8.30ന് സിംഹാസന വാഹനത്തിൽ ഉത്സവ ശ്രീബലി.നാളെ അനന്ത വാഹനത്തിലും മറ്റന്നാൾ കമല വാഹനത്തിലും 5ന് പല്ലക്കിലും 6ന് ഗരുഡവാഹനത്തിലും 7ന് ഇന്ദ്രവാഹനത്തിലും 8ന് പല്ലക്കിലും 9ന് ഗരുഡവാഹനത്തിലുമാണ് ഉത്സവശ്രീബലി എഴുന്നള്ളത്ത്. 10ന് ഗരുഡവാഹനത്തിൽ പള്ളിവേട്ട എഴുന്നള്ളത്ത്.ഉത്സവദിനങ്ങളിൽ കിഴക്കേനട,തുലാഭാര മണ്ഡപം,ശ്രീപാദമണ്ഡപം എന്നിവിടങ്ങളിൽ കലാപരിപാടികൾ അരങ്ങേറും.

പഞ്ചപാണ്ഡവ ശില്പങ്ങൾ

പൈങ്കുനി ഉത്സവത്തിന് മുന്നോടിയായി ക്ഷേത്രനടയിൽ പഞ്ചപാണ്ഡവ ശില്പങ്ങൾ നിരന്നു.ധർമപുത്രർ ഇരിക്കുകയും മറ്റുള്ളവർ നിൽക്കുകയും ചെയ്യുന്ന നിലയിലാണ് ശില്പങ്ങൾ സജ്ജമാക്കിയിട്ടുള്ളത്. ശില്പങ്ങൾ ഒരുക്കുന്നതിന്റെ നേതൃത്വം ക്ഷേത്രജീവനക്കാരൻ ആർ.എസ്.ബാബുവിനാണ്.ഉത്സവത്തിന്റെ എട്ടാംദിനം വൈകിട്ട് വേലകളി ഉണ്ടായിരിക്കും.