എൻ. പ്രശാന്തിനെതിരെ  അന്വേഷണ നീക്കം, നടപടിയിലേക്ക് സർക്കാർ

Wednesday 02 April 2025 1:13 AM IST

തിരുവനന്തപുരം: മുൻ കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്തിന്റെ സസ്പെൻഷൻ കാലാവധി ആറുമാസം തികയുന്ന പശ്ചാത്തലത്തിൽ അനന്തര നടപടിയിലേക്ക് സർക്കാർ. അതേസമയം, നിർണ്ണായക തീരുമാനം ഇന്ന് ( ചൊവ്വ ) എടുക്കുമെന്ന് സൂചിപ്പിച്ച് പ്രശാന്ത് ഔദ്യോഗിക ഫേസ്ബുക്കിൽ കുറിപ്പിട്ടത് ജിജ്ഞാസ ഉണർത്തി.ആ തീരുമാനം ഇന്ന് എടുക്കുന്നു എന്ന് മാത്രമാണ് പോസ്റ്റിലുള്ളത്.

സസ്‌പെൻഷൻ റിവ്യു കമ്മിറ്റി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അച്ചടക്ക നടപടി സ്വീകരിക്കുന്നതിന്റെ മുന്നോടിയായി അന്വേഷണത്തിനുള്ള ശുപാർശയാണ് നൽകിയതെന്ന് അറിയുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ നിശ്ചയിക്കാനും മുഖ്യമന്ത്രിയുടെ അനുമതി തേടിയതായി അറിയുന്നു.

മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെയോ ഐ.എ.എസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന കമ്മിറ്റിയെയോ സർക്കാരിനു നിയോഗിക്കാം.

ആറു മാസത്തിൽ കൂടുതൽ കാലം ഐ.എ.എസ് ഉദ്യോഗസ്ഥനെ സസ്പെൻഷനിൽ നിറുത്താൻ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതി ആവശ്യമാണ്. അതിനാൽ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി തീരുമാനമെടുക്കും.

അഡിഷണൽ ചീഫ് സെക്രട്ടറി എ.ജയതിലക്, വൈറ്റില മൊബിലിറ്റി ഹബ് എം.ഡി കെ.ഗോപാലകൃഷ്ണൻ എന്നിവരെ ഉന്നംവച്ച് സമൂഹമാദ്ധ്യമത്തിൽ കുറിപ്പിട്ടതാണ് സസ്‌പെൻഷനിൽ കലാശിച്ചത്. നവംബറിൽ രണ്ടുമാസത്തേക്കാണ് സസ്പെൻഡ് ചെയ്തതെങ്കിലും, ജനുവരിയിൽ നാലുമാസത്തേക്കുകൂടി നീട്ടുകയായിരുന്നു. ഒപ്പം സസ്പെൻഷനിലായ ഐ.എ.എസ് ഓഫീസർ ഗോപാലകൃഷ്ണനെ ജനുവരിയിൽ തിരിച്ചെടുത്തിരുന്നു.

പ്രശാന്ത് കുറ്റാരോപണ മെമ്മോയ്ക്കു കൃത്യമായി മറുപടി നൽകാതെ ചീഫ് സെക്രട്ടറിയോടു ചോദ്യങ്ങളുന്നയിച്ചു തുടർച്ചയായി കത്തുകളയച്ചിരുന്നു. തന്റെ മറുപടിയാണെന്ന് പിന്നീട് അവകാശപ്പെട്ടെങ്കിലും തൃപ്തികരമായ മറുപടി നൽകിയില്ലെന്നു വിലയിരുത്തിയാണ് അന്വേഷണം നടത്താൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ അനുമതി ലഭിക്കുന്നതോടെ തുടർ നടപടിയിലേക്കു കടക്കും.