വഖഫ് ഭേദഗതി ബിൽ: ജെ.ഡിയു, ടി.ഡി.പി നിലപാട് നിർണായകം

Wednesday 02 April 2025 1:14 AM IST

ന്യൂഡൽഹി : മുസ്ലിം സമുദായത്തിനിടയിൽ നി‌ർണായക സ്വാധീനമുള്ള നാല് ഘടകകക്ഷികൾ വഖഫ് ഭേദഗതി ബില്ലിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നത് എൻ.ഡി.എ മുന്നണിയുടെ നെഞ്ചിടിപ്പ് വ‌ർദ്ധിപ്പിക്കുന്നു. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം പാർട്ടി (ടി.ഡി.പി), ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡിയു,​ കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ നയിക്കുന്ന എൽ.ജെ.പി,​ കേന്ദ്രമന്ത്രി ജയന്ത് ചൗധരിയുടെ ആർ.എൽ.ഡി എന്നിവരുടെ നിലപാട് നിർണായകമാണ്. ബീഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. വിഷയത്തിൽ ജെ.ഡിയുവിനുള്ളിൽ തർക്കമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. നിതീഷ് കുമാർ സംഘടിപ്പിച്ച ഇഫ്‌താർ വിരുന്ന് മുസ്ലിം സംഘടനകൾ ബഹിഷ്കരിച്ചിരുന്നു. കാത്തിരുന്നുകാണാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. എൻ.ഡി.എ ഘടകകക്ഷികൾ നിലപാട് വ്യക്തമാക്കുമ്പോൾ പ്രതികരിക്കും. കേരളത്തിലെ എം.പിമാർ വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്‌ക്കണമെന്ന് കെ.സി.ബി.സി ആവശ്യപ്പെട്ടിരുന്നു.

 12 മണിക്കൂർ ആവശ്യം തള്ളി

എട്ടല്ല, 12 മണിക്കൂർ ചർച്ച വേണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം കേന്ദ്രം തള്ളി. ഇന്നലെ കാര്യോപദേശ സമിതി യോഗത്തിലാണ് ആവശ്യമുയർന്നത്. എട്ട് മണിക്കൂർ ചർച്ചയെന്ന നിലപാട് സ്വീകരിച്ച ലോക്‌സഭാ സ്‌പീക്കർ ഓം ബിർള, ആവശ്യമെങ്കിൽ ആ സമയത്തെ സാഹചര്യമനുസരിച്ച് തീരുമാനമെടുക്കാമെന്ന് യോഗത്തിൽ വ്യക്തമാക്കി.

 വ്യവസ്ഥകൾ സുപ്രധാനം

വഖഫ് ഭേദഗതി ബിൽ 2024 ആഗസ്റ്റിൽ ലോക്‌സഭയിൽ അവതരിപ്പിച്ചപ്പോൾ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെ.പി.സി) വിട്ടിരുന്നു. സമിതിയിൽ പ്രതിപക്ഷം മുന്നോട്ടുവച്ച 44 നിർദ്ദേശങ്ങളും വോട്ടിനിട്ട് തള്ളി. ഭരണപക്ഷത്തിന്റെ 14 ഭേദഗതികൾ അംഗീകരിച്ചു. ഇത്തരത്തിൽ മാറ്റം വരുത്തിയ ബില്ലാണ് ഇന്ന് അവതരിപ്പിക്കുന്നത്.

ആർക്കും വഖഫ് രൂപീകരിക്കാമെന്നത്, ഇസ്ലാം മതം അഞ്ച് വർഷമെങ്കിലും ആചരിച്ചവർക്ക് മാത്രമേ കഴിയൂവെന്ന് മാറ്റം വരുത്തി

 ഭൂമി തർക്കങ്ങൾ വഖഫ് ട്രൈബ്യൂണൽ കൈകാര്യം ചെയ്‌തിരുന്നത് ഒഴിവാക്കി. ഭൂമി വഖഫാണോ, സർക്കാർ ഭൂമിയാണോ എന്നത് ജില്ലാ കളക്‌ടർക്ക് മുകളിലുള്ള ഉദ്യോഗസ്ഥന് തീരുമാനിക്കാം.

 പുതിയ നിയമം പ്രാബല്യത്തിലായി ആറ് മാസത്തിനകം വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യണം

 വഖഫ് ബോർഡുകളിൽ അമുസ്ലിം സി.ഇ.ഒയെ ഉൾപ്പെടുത്താം