ഇന്ത്യൻ പരാമർശം: യൂനുസിന്റെ പ്രസ്താവന വിവാദത്തിൽ

Wednesday 02 April 2025 6:36 AM IST

ധാക്ക: ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ച് ബംഗ്ലാദേശ് ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ് നടത്തിയ പ്രസ്താവന വിവാദത്തിൽ. കഴിഞ്ഞ ദിവസം ചൈനീസ് സന്ദർശനത്തിനിടെ വ്യാപാരം വിപുലീകരിക്കുന്നത് ലക്ഷ്യമിട്ട് യൂനുസ് നടത്തിയ പരാമർശമാണ് വിമർശനത്തിനിടയാക്കിയത്. 'ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ കരയാൽ ചു​റ്റപ്പെട്ടതാണ്. അവർക്ക് കടലുമായി ബന്ധപ്പെടാൻ മാർഗമില്ല. ഈ മേഖലയിൽ സമുദ്റത്തിന്റെ കാവലാൾ ഞങ്ങളാണ്. ബംഗ്ലദേശിൽ നിന്ന് നിങ്ങൾക്ക് എവിടേക്കും പോകാം. ചൈന ഈ അവസരം പ്രയോജനപ്പെടുത്തണം. ബംഗ്ലാദേശിലേക്ക് ചൈന സമ്പദ്‌വ്യവസ്ഥ വ്യാപിപ്പിക്കണം. ബംഗ്ലാദേശിൽ നിന്ന് നിർമ്മാണവും വിപണവും നടത്തി ചൈനയ്ക്ക് സമ്പദ്‌വ്യവസ്ഥ വിപുലമാക്കാം" - ബീജിംഗിലെ പ്രസിഡൻഷ്യൽ ഹോട്ടലിൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു പരാമർശം. യൂനുസിന്റെ പരാമർശത്തെ അപലപിച്ച് അസാം മുഖ്യമന്ത്റി ഹിമന്ത ബിസ്വ ശർമ അടക്കം രംഗത്തെത്തി. യൂനുസിന്റെ ചൈനീസ് ചായ്‌വിനെ ഇന്ത്യ സൂഷ്മമായി നിരീക്ഷിക്കുന്നുണ്ട്.