വീണ്ടും പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ; പുതിയ ചിത്രത്തിന്റെ വിവരങ്ങൾ പുറത്ത്
എമ്പുരാന് പിന്നാലെ പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ വീണ്ടും നായകനായി എത്തുന്നുവെന്ന് റിപ്പോർട്ട്. പൃഥ്വിരാജും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ലൂസിഫർ, ബ്രോ ഡാഡി, എമ്പുരാൻ എന്നിവയാണ് മോഹൻലാൽ- പൃഥ്വിരാജ് ചിത്രങ്ങൾ. മോഹൻലാലും പൃഥ്വിരാജും ഒരുമിക്കുന്ന നാലാമത്തെ ചിത്രത്തിൽ ഫഹദ് ഫാസിലും ഉണ്ടാകുമെന്നാണ് വിവരം. അഞ്ചാമത്തെ ചിത്രം എമ്പുരാന്റെ മൂന്നാം ഭാഗമായിരിക്കും. ഫൺ ഫാമിലി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ വർഷം മദ്ധ്യത്തോടെ ആരംഭിക്കാനാണ് തീരുമാനം. ജക്സ് ബിജോയ് സംഗീതം ഒരുക്കുന്നു.
അതേസമയം, വിവാദങ്ങൾക്കിടയിൽ എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തി. വ്യാപകമായ പ്രതിശേധത്തെത്തുടർന്ന് നിർമ്മാതാക്കൾ ആവശ്യപ്പെട്ടതനുസരിച്ച് 24 ഭാഗങ്ങളാണ് എമ്പുരാൻ സിനിമയിൽ വെട്ടിയത്. 2.08 മിനിട്ട് കട്ട് ചെയ്ത റീ എഡിറ്റഡ് പതിപ്പ് ഇന്ന് മോണിംഗ് ഷോ മുതൽ തീയേറ്ററുകളിലെത്തി. സ്വരൂപ കർത്ത, കെ.റോഷ്നി ദാസ്, ജി.എം.മഹേഷ്, എം.എം.മഞ്ജുഷൻ, ടി.നദീം തുഫൈൽ എന്നിവരടങ്ങുന്ന സെൻസർ ബോർഡ് കമ്മിറ്റിയാണ് ചിത്രം കണ്ട് വീണ്ടും സർട്ടിഫൈ ചെയ്തത്.
മാറ്റങ്ങൾ എന്തൊക്കെയാണെന്ന സെൻസർ രേഖ പുറത്തുവന്നിരുന്നു. സിനിമയിൽ ബജ്രംഗി എന്ന വില്ലന്റെ പേര് ബൽദേവ് എന്നാക്കി. എൻ.ഐ.എ എന്ന വാക്ക് നിശബ്ദമാക്കി. സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം കാണിക്കുന്ന സീനുകൾ, ദേശീയപതാകയുടെ നിറം സംബന്ധിച്ചുള്ള സംഭാഷണം എന്നിവയടക്കം മാറ്റി.