'എമ്പുരാൻ ഒരു ശരാശരി സിനിമ, നാണമില്ലേ ഇതിന്റെയൊക്കെ പിന്നാലെ നടക്കാൻ'; രൂക്ഷ വിമർശനവുമായി ജഗതിയുടെ മകൾ
'എമ്പുരാൻ' സിനിമയ്‌ക്ക് മാദ്ധ്യമങ്ങൾ നൽകുന്ന അമിത പ്രാധാന്യത്തെ രൂക്ഷമായി വിമർശിച്ച് നടൻ ജഗതി ശ്രീകുമാറിന്റെ മകൾ പാർവതി ഷോൺ. എമ്പുരാൻ വിവാദം ഒരു മാർക്കറ്റിംഗ് തന്ത്രം മാത്രമാണെന്നും ഇതിന് പിന്നാലെ നടക്കാൻ നാണമില്ലേ എന്നും പാർവതി ഫേസ്‌ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെ ചോദിച്ചു.
പാർവതി ഷോൺ പറഞ്ഞത്:
'ചെറിയൊരു കാര്യം ഓർമിപ്പിക്കാനാണ് ഇവിടെ വന്നത്. പത്ര മാദ്ധ്യമങ്ങളും സമൂഹ മാദ്ധ്യമങ്ങളും നോക്കുമ്പോൾ അവിടെയെല്ലാം എമ്പുരാൻ സിനിമ മാത്രമാണ്. അതായത് ഒരു ശരാശരി സിനിമയുടെ വിശേഷണം മാത്രമേ ഉള്ളു. ആവശ്യമുള്ളവർ സിനിമ പോയി കാണൂ. ഇല്ലാത്തവർ കാണണ്ട. ഇതൊക്കെ ഒരു മാർക്കറ്റിംഗ് ബിസിനസ് ആണ്. നമ്മുടെ നാട്ടിൽ, ഈ രാജ്യത്ത് മറ്റെന്തെല്ലാം കാര്യങ്ങളുണ്ട് ചർച്ച ചെയ്യാൻ. ഇതൊരു സംഭവമാണോ, എനിക്കറിയില്ല. ഈ പത്ര മാദ്ധ്യമങ്ങളൊക്കെ എന്തിന്റെ പിന്നാലെയാണ്. നേരാംവണ്ണം ഒരു മൂത്രപ്പുര പോലും ഈ നാട്ടിലില്ല.
നാണമില്ലേ ഇതിന്റെ പിന്നാലെ നടക്കാൻ. ഇതിലുള്ള ബുദ്ധിമാൻമാരൊക്കെ അവരവരുടെ കുടുംബത്തിനുവേണ്ടി ഇഷ്‌ടംപോലെ പൈസ ഉണ്ടാക്കുന്നുണ്ട്. അല്ലേ, അത് അവർക്ക് കൊള്ളാം. നമുക്കെന്ത് നേട്ടം ഇതിന് പിന്നാലെയൊക്കെ നടന്നിട്ട്. പത്ര മാദ്ധ്യമങ്ങൾ ആവശ്യമില്ലാത്ത പ്രാധാന്യം ഇതിന് കൊടുക്കുന്നത് കാണുമ്പോൾ കഷ്‌ടം തോന്നുന്നു. എന്തെല്ലാം കാര്യങ്ങളുണ്ട് ഈ നാട്ടിൽ.'